mm

വർക്കല: കരുനിലക്കോട് ജംഗ്ഷന് സമീപം കാർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ കരുനിലക്കോട് പൊയ്ക റോഡിലാണ് കാർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാർ കത്തുന്നത് കണ്ട നാട്ടുകാർ വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചെങ്കിലും ഇവരെത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രി പുല്ലാന്നിക്കോട് കുന്നും പുറം ഭദ്രാദേവീ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കരോക്ക ഗാനമേള നടക്കവേ പാട്ടിനൊത്ത് ഡാൻസ് കളിക്കുന്നതുമായി ബന്ധപ്പെട്ട് കാറിന്റെ ഉടമയായ ഞെക്കാട് സ്വദേശി സജീബും സുഹൃത്തുക്കളും മറ്റൊരു ഇരുചക്ര വാഹനത്തിലെത്തിയവരുമായി വാക്കുതർക്കം ഉണ്ടായി. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഗാനമേള നിറുത്തിവയ്പ്പിച്ചു.

തുടർന്ന് സജീബ് ഉൾപ്പെടെയുള്ളവർ കാറിൽ പോകവേ ഇരുചക്ര വാഹനത്തിലുണ്ടായിരുന്നവർ കാറിനെ പിന്തുടർന്ന് തടഞ്ഞു നിറുത്തുകയും വീണ്ടും സംഘർഷമുണ്ടായി. പൊലീസ് വരുന്നതുകണ്ട് ഇരുകൂട്ടരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.

കാർ കത്തിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.