തിരുവനന്തപുരം: സുരേഷിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം തിരുവല്ലം സ്റ്റേഷനിൽ തടിച്ചുകൂടിയ നാട്ടുകാർ പൊലീസിനെതിരെ കടുത്തരോഷമാണ് പ്രകടിപ്പിച്ചത്. സുരേഷിന്റെ വീട്ടുകാരെയും ബന്ധുക്കളെയും അനുനയിപ്പിക്കാനും ഇൻക്വസ്റ്റ് നടപടികൾ നടത്താനും പൊലീസ് നടത്തിയ ശ്രമങ്ങളെ ചെറുത്ത് നാട്ടുകാർ സ്ഥലത്തുണ്ടായിരുന്നു.
ജഡ്ജിക്കുന്നിൽ അസമയത്ത് ആഡംബര കാറിലെത്തിയത് റിട്ട.എസ്.പിയുടെ മകളാണെന്നും അവരുടെ പരാതിയിൽ സുരേഷിനെയും കൂട്ടുകാരെയും കസ്റ്റഡിയിലെടുത്ത് കള്ളക്കേസെടുത്തതാണെന്നുമാണ് നാട്ടുകാരുടെ ആരോപണം. ജഡ്ജിക്കുന്നിൽ ലഹരി മാഫിയാസംഘങ്ങളും പുറത്തുനിന്നുള്ളവരുമെത്തുന്ന സമയത്ത് നാട്ടുകാർ വിവരം അറിയിച്ചാൽ ജീപ്പില്ലെന്ന കാരണം പറഞ്ഞ് പൊലീസ് എത്താറില്ലെന്നും ഇവർ പറഞ്ഞു.
നാളിതുവരെ പെറ്റിക്കേസിൽ പോലും പ്രതിയായിട്ടില്ലാത്ത യുവാക്കളെ ഉന്നതതല ഇടപെടലിനെ തുടർന്ന് പിടികൂടിയശേഷം കള്ളക്കേസ് എടുക്കുകയാണെന്നാണ് നാട്ടുകാരും പ്രാദേശിക നേതാക്കളും ആരോപിച്ചത്. ആർ.ഡി.ഒ സ്ഥലത്തെത്തണമെന്നും പൊലീസുകാരെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇവർ മണിക്കൂറുകളോളം സ്റ്റേഷൻ ഉപരോധിച്ചു.
പൊലീസുകാർക്കെതിരെ ഉടൻ നടപടി അസാദ്ധ്യമാണെന്ന് വ്യക്തമാക്കി സബ് കളക്ടർ മടങ്ങിയശേഷമാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് സമീപത്തെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ ജംഗ്ഷനിലെ റോഡിലേക്ക് നാട്ടുകാർ ഉപരോധം വ്യാപിപ്പിച്ചത്. ഒത്തുതീർപ്പ് ശ്രമങ്ങളുമായെത്തിയ തിരുവല്ലം പൊലീസിനോട് ഒരു തരത്തിലും സഹകരിക്കാൻ അവർ തയ്യാറായില്ല.