തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ സർവീസുകളെല്ലാം കൊവിഡ് കാലത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് മാറ്റുമെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ എല്ലാ ട്രെയിനുകളിലും ജനറൽ അൺറിസർവ്ഡ് കമ്പാർട്ടുമെന്റുകൾ പുനഃസ്ഥാപിച്ചു. സീസൺ ടിക്കറ്റ് യാത്രക്കാർക്ക് കൊവിഡ് കാലത്തിന് മുമ്പ് യാത്ര ചെയ്തിരുന്ന ട്രെയിനുകളിലെല്ലാം യാത്ര ചെയ്യാം. എന്നാൽ, നിലവിൽ അൺറിസർവ്ഡ് കോച്ചുകളിൽ മുൻകൂർ ടിക്കറ്റ് അനുവദിച്ചിരുന്ന ട്രെയിനുകളിൽ അത്തരം ബുക്കിംഗുകൾ തീരുന്നമുറയ്ക്കായിരിക്കും മാറ്റം പ്രാബല്യത്തിലാവുക.

കൊവിഡ് കുറഞ്ഞതോടെ പകൽസമയ ട്രെയിനുകളിലെല്ലാം സ്പെഷ്യൽ സ്റ്റാറ്റസും അൺ റിസർവ്ഡ് കോച്ചുകളിൽ ബുക്ക് ചെയ്യാതെയുള്ള യാത്രയും അനുവദിച്ചിരുന്നു.എന്നാൽ, രാത്രികാല ട്രെയിനുകളിൽ ഇൗ സൗകര്യം അനുവദിച്ച് ഉത്തരവ് ഇറങ്ങിയിരുന്നില്ല. ഇതുമൂലം രാത്രിയാത്രക്കാർക്ക് ദിവസവും ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു. അസൗകര്യം ചൂണ്ടിക്കാട്ടി "രാത്രിനിയന്ത്രണം മാറ്റാതെ റെയിൽവേ, വലഞ്ഞ് യാത്രക്കാർ" എന്ന തലക്കെട്ടിൽ 'കേരള കൗമുദി" ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.