തിരുവനന്തപുരം: ജഡ്‌ജിക്കുന്നിൽ യുവതിയെ പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്‌തെന്നതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പൊലീസ് സുരേഷിനും കൂട്ടർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പായതിനാൽ ഇവരെ റിമാൻഡ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം.

കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യപരിശോധന നടത്താനിരിക്കെയാണ് 9ഓടെ സുരേഷിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. പൂന്തുറ ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ സുരേഷിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുരുതരാവസ്ഥയിലായതോടെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

ജഡ്ജിക്കുന്നിൽ അസമയത്ത് ആഡംബര കാറിലെത്തിയത് റിട്ട. പൊലീസ് ഓഫീസറുടെ മകളാണെന്ന ആരോപണം സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായില്ല. ഇതുസംബന്ധിച്ച് അറിയില്ലെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാർ വ്യക്തമാക്കിയത്. സംഭവത്തിൽ പൊലീസിന് വീഴ്‌ചയുണ്ടായെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്നും കമ്മിഷണർ പറഞ്ഞു.