തിരുവനന്തപുരം: സിറ്റി ടവർ ഹോട്ടലിൽ റിസപ്ഷനിസ്റ്റായ അയ്യപ്പനെ കൊലപ്പെടുത്തിയ കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അജീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ കോടതി 4ന് പരിഗണിക്കും. കൊലപാതകത്തിന് അജീഷ് ഉപയോഗിച്ച ബൈക്ക് കണ്ടെത്തുന്നതിനും സംഭവത്തിന്റെ ആസൂത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനും കൂടുതൽ തെളിവെടുപ്പിനുമാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
നെടുമങ്ങാട്ട് രണ്ട് യുവാക്കളെ കൊലപ്പെടുത്താൻ തീരുമാനിച്ചെന്ന അജീഷിന്റെ വെളിപ്പെടുത്തലിൽ നെടുമങ്ങാട് പൊലീസും ഇയാളെ ചോദ്യം ചെയ്യും. ഇതിനായി നെടുമങ്ങാട് പൊലീസും കോടതിയെ സമീപിക്കുമെന്നാണ് വിവരം. റൂമെടുക്കുന്നതിലുണ്ടായ തർക്കത്തെച്ചൊല്ലി ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അജീഷ് അയ്യപ്പനെ കൊലപ്പെടുത്തിയത്.