ആശുപത്രിയിലെത്തിക്കാതെ മൊബൈൽ ഫോണുമായി മുങ്ങി

കൽപ്പറ്റ: അശ്രദ്ധമായി വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിടുകയും, പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ അദ്ദേഹത്തിന്റെ മൊബൈൽഫോൺ മോഷ്ടിച്ച് മുങ്ങുകയും ചെയ്ത ഓട്ടോ ഡ്രൈവർക്ക് തടവുശിക്ഷ.

കണിയാമ്പറ്റ മില്ലുമുക്ക് തുരുത്തിക്കണ്ടി വീട്ടിൽ അനീസിനെ (32) യാണ് വിവിധ വകുപ്പുകൾ പ്രകാരം കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്ന് വർഷവും, ഒമ്പത് മാസവും തടവിന് ശിക്ഷിച്ചത്. പരിക്കേറ്റ യാത്രക്കാരൻ പിന്നീട് ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു.

പ്രോസിക്യൂഷന് വേണ്ടി ഡി ഡി പി കെ.ടി.സുലോചന ഹാജരായി.

2014 ൽ കൽപ്പറ്റ ബൈപാസിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.റോഡിലൂടെ നടന്നു വരികയായിരുന്ന അലി എന്നയാളാണ് മരിച്ചത്. അനീസ് ഓടിച്ച ഓട്ടോ അലിയെ ഇടിക്കുകയും, അലിയെ ആശുപത്രിയിലെത്തിക്കാതെ അനീസ് അലിയുടെ മൊബൈൽ ഫോണുമായി കടന്നു കളയുകയുമായിരുന്നു. അലി ചികിത്സയിലിരിക്കെ മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്.

ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനീസ് പിടിയിലായത്. അശ്രദ്ധമായി വാഹനമോടിച്ച് ജീവഹാനി വരുത്തിയതിനും, പരിക്കേറ്റയാൾക്ക് ചികിത്സാ സൗകര്യം നൽകാതിരുന്നതിനും, സംഭവം പൊലീസിൽ നിന്ന് മറച്ച് വെച്ചതിനും, മോഷണത്തിനും ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.