
തിരുനെല്ലി: നാഗമന ആദിവാസി കോളനിയിലെ ഉണ്ണി ശനിയാഴ്ച എറണാകുളം മെഡിക്കൽ കോളേജിന്റെ കവാടം കടന്നെത്തിയത് തല ഉയർത്തിപ്പിടിച്ചാണ്. സ്വന്തം കാമ്പസിലെത്തിയ നാട്ടുകാരനെ വരവേൽക്കാൻ പ്രവീണ കാത്തുനിന്നത് അതിലേറെ അഭിമാനത്തോടെ.
എം.ബി.ബി.എസിനുള്ള അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (നീറ്റ്) എസ്.ടി വിഭാഗത്തിലെ ഒന്നാം റാങ്കുകാരനാണ് അടിയ വിഭാഗത്തിൽപ്പെട്ട ഉണ്ണി. കരിയൻ - ജവനി ദമ്പതികളുടെ മകനാണ്. തിരുനെല്ലി പഞ്ചായത്തിലെ തന്നെ കാട്ടിക്കുളത്തെ നാരങ്ങാകുന്ന് കോളനിയിൽ ബാബു - ശാന്ത ദമ്പതികളുടെ മകൾ പ്രവീണ ഇവിടെ മെഡിസിന് ചേർന്നത് കഴിഞ്ഞ വർഷമായിരുന്നു.
മുമ്പൊക്കെ തിരുനെല്ലിയിൽ ചെന്നാൽ ഞണ്ടിന്റെ മാളം തേടി വയലേലകളിൽ അലയുന്ന അടിയക്കുട്ടികളെ കാണാമായിരുന്നു. കുറെപ്പേർ ജന്മിമാരുടെ കന്നുകാലികളെ പാടത്ത് മേയ്‌ക്കുന്നുമുണ്ടാവും. ഇന്നതൊക്കെ പഴങ്കഥ. ആധുനിക കേരളത്തിന് അഭിമാനിക്കാവുന്ന മാതൃകയാവുകയാണ് കാടിന്റെ മക്കൾ. പ്രത്യേകിച്ച്, വയനാട്ടിലെ ഒാണം കേറാമൂലയിലെ ആദിവാസി കുട്ടികൾ. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താൻ ദൃഢനിശ്ചയത്തോടെ പഠിച്ച് മുന്നേറുന്ന ഒട്ടേറെ പേരുണ്ട് ഇപ്പോൾ ആദിവാസി മേഖലയിൽ.
കഷ്ടപ്പാടും വിശപ്പും നന്നായി അറിഞ്ഞ്, ആത്മവിശ്വാസത്തോടെ കടമ്പകൾ മറികടക്കുകയായിരുന്നു ഉണ്ണി. തിരുനെല്ലി കാട്ടിലെ ആശ്രമം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
എസ്. എസ്.എൽ.സിക്ക് നല്ല മാർക്ക് വാങ്ങി. തുടർപഠനം നല്ലൂർനാട് അംബേദ്കർ മെമ്മോറിയിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ. അവിടെ മാതൃകാ വിദ്യാർത്ഥിയായി ഉണ്ണി. പിന്നെ മാനന്തവാടി മേരി മാത ആർട്സ് ആൻഡ് സയൻസ് കോളേജിലേക്ക്. പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടെ പാലായിലെ സ്വകാര്യ പരിശീലന കേന്ദ്രത്തിൽ ചേർന്നാണ് നീറ്റ് പരീക്ഷയ്ക്ക് ഒരുങ്ങിയത്. മനസർപ്പിച്ച് പഠിച്ചതിന് ഫലമുണ്ടായി. നാടിന്റെ ഡോക്ടറാകണമെന്നാണ് മോഹം.
അഭിനയവും നാടക രചനയുമൊക്കെയായി നല്ലൊരു കലാകാരൻ കൂടിയാണ് ഉണ്ണി. സുരേഷ്, ബിജു, രവി, പ്രീജ, മധു (കാട്ടിക്കുളം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി) എന്നിവർ സഹോദരങ്ങൾ.