vayalar

കൽപ്പറ്റ: വയനാട്ടിലെ ആദിവാസി സംസ്കാരത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് നെല്ല് എന്ന സിനിയിലെ 'കദളി കൺകദളി ചെങ്കദളി പൂ വേണോ...' എന്ന വയലാറിന്റെ വരികൾക്ക് ലതാ മങ്കേഷ്കർ ജീവൻ നൽകിയത്. ആ ഗാനരംഗത്ത് ജയഭാരതി ലയിച്ച് അഭിനയിക്കുകയും ചെയ്തു. തിരുനെല്ലിക്കാടും കാളിന്ദി നദിയും ബ്രഹ്മഗിരിയും നരിനിരങ്ങിമലയും എല്ലാം ഗാനരംഗത്തിൽ നിറഞ്ഞുനിന്നു. ബാലുമഹേന്ദ്രയു‌ടെ കാമറ തിരുനെല്ലിക്കാടിന്റെ പ്രകൃതിഭംഗി അതുപോലെ ഒപ്പിയെടുത്തു.

1974 ആഗസ്റ്റ് 23നാണ് നെല്ല് റിലീസാകുന്നത്. ഗാനരചനയുടെ ഭാഗമായും ചിത്രീകരണത്തിന്റെ ഭാഗമായും വയലാർ രാമവർമ്മ തിരുനെല്ലിയിൽ എത്തി. സലിൽ ചൗധരിയും ഒപ്പമുണ്ടായിരുന്നു. എൻ.പി അലി നിർമ്മിച്ച നെല്ല് ജമ്മു ഫിലിംസിന്റെ ബാനറിലാണ് ഇറങ്ങിയത്. സംവിധാനത്തിന് പുറമെ തിരക്കഥ രാമുകാര്യാട്ടും കെ.ജി. ജോർജും ചേർന്നാണ് ചെയ്തത്. പി. വത്സല എഴുതിയ നെല്ല് എന്ന നോവലാണ് ചലച്ചിത്രമായത്. വയനാട്ടിലെ ആദിവാസി സംസ്കാരവുമായി ബന്ധപ്പെട്ട വയലാറിന്റെ വരികൾക്ക് ജന്മം നൽകാൻ ലത തന്നെ വേണമെന്ന നിർബന്ധം രാമുകാര്യാട്ടിന് ഉണ്ടായിരുന്നുവെന്ന് പി. വത്സല നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതിനായി അദ്ദേഹം മുംബയിലേക്ക് പോവുകയും ചെയ്തിരുന്നു.

ദീർഘകാലത്തെ അദ്ധ്വാനം ഇതിന്റെ പിന്നിലുണ്ട്. ടെക്നോളജി ഇത്രമാത്രം വളരാത്ത കാലത്താണ് ലത ഇത് ആലപിക്കുന്നത്. മലയാളം വശമല്ലാത്തതുകൊണ്ട് അതിന്റെ അർത്ഥം ലതയ്ക്ക് പറഞ്ഞ് കൊടുക്കേണ്ടി വന്നു. ചിത്രത്തിന്റെ നിശ്ചലഛായാഗ്രഹണം നിർവഹിച്ചത് വയനാട്ടിലെ പ്രസിദ്ധ ഫോട്ടോഗ്രാഫറായിരുന്ന ബേബി തങ്കപ്പനായിരുന്നു.

സുൽത്താൻ ബത്തേരിയിൽ താമസിച്ചാണ് ഇൗ ഗാനം എഴുതാൻ വേണ്ടി വയലാർ തിരുനെല്ലിയിൽ എത്തിയത്. വയലാറിനൊപ്പം മകൻ ശരത് ചന്ദ്ര വർമ്മയും ഒപ്പമുണ്ടായിരുന്നു.തിരുനെല്ലിയിലെ ബ്രഹ്മഗിരി എസ്റ്റേറ്റിലാണ് പ്രേംനസീറും ജയഭാരതിയും അടക്കമുളള പ്രമുഖ നടീനടന്മാർ താമസിച്ചത്. ചിത്രീകരണ വേളയിൽ പി.വത്സലയും സജീവമായി ലൊക്കേഷനിൽ ഉണ്ടായിരുന്നു. ലതാ മങ്കേഷ്കറുടെ ആലാപനം കൂടിയായപ്പോൾ ചലച്ചിത്രം അനശ്വരമായി മാറി. വാനമ്പാടിയുടെ വിയോഗം തിരുനെല്ലിയിലെ കാടിന്റെ മക്കൾക്കും ഉണ്ടാക്കിയ വിഷമം ചെറുതല്ല.