തരിയോട്: തരിയോട് പഞ്ചായത്തിലെ വിവാദമായ കെൻസ പ്രൊജക്ടിന് ഗ്രാമപഞ്ചായത്ത് നൽകിയ ബിൽഡിംഗ് പെർമിറ്റും ലാന്റ് ഡെവലപ്‌മെന്റ് പെർമിറ്റും തിരുവനന്തപുരത്തെ തദ്ദേശ ഭരണ ട്രിബ്യൂണൽ സ്‌റ്റേ ചെയ്തു. പദ്ധതിയിലെ നിക്ഷേപകനും പ്രവാസി വ്യവസായിയുമായ ടി.രാജന്റെ അപ്പീലിലാണ് സ്‌റ്റേ അനുവദിച്ചത്.
രാജന്റെ കൂടി ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടങ്ങളുടെ നിർമ്മാണം നടക്കുന്നത്. എന്നാൽ താൻ കെട്ടിടം നിർമ്മിക്കാൻ പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടില്ലെന്ന് രാജൻ പറയുന്നു. തന്റെ വ്യാജ ഒപ്പിട്ടാണ് പെർമിറ്റിന് അപേക്ഷ നൽകിയത് എന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ വാദത്തിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രിബ്യുണൽ സ്‌റ്റേ അനുവദിച്ചത്.
വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ട് രാജനും മറ്റു മൂന്നു പ്രവാസി നിക്ഷേപകരും നൽകിയ പരാതിയിൽ പടിഞ്ഞാറത്തറ പൊലീസ് ക്രിമിനൽ കേസും എടുത്തിട്ടുണ്ട്.
അതിനിടെ കെൻസയുടെ പ്രധാന കെട്ടിടങ്ങൾ ദുരന്ത നിവാരണ നിയമം ലംഘിച്ചാണ് നിർമ്മിച്ചതെന്ന റിപ്പോർട്ടിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപടികൾ തുടങ്ങി. കെട്ടിട ഉടമകളോട് ഈ മാസം പത്താം തിയ്യതി ജില്ലാ കളക്ടർക്കു മുന്നിൽ വിചാരണയ്ക്ക് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്.
ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ദ സമിതിയാണ് കെട്ടിട നിർമ്മാണത്തിലെ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. സമിതി നൽകിയ രണ്ടു റിപ്പോർട്ടുകളിലും നിർമ്മാണത്തിലെ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തരിയോട് ഗ്രാമ പഞ്ചായത്തിലെ മഞ്ഞൂറയിൽ ബാണാസുര റിസർവോയറിനോടു ചേർന്നാണ് കെൻസ പദ്ധതിയുടെ നിർമ്മാണം നടക്കുന്നത്. പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിന്റെ പേരിലും കെൻസയ്‌ക്കെതിരെ കേസുകളുണ്ട്.
2015ൽ റോയൽ മെഡോസ് എന്ന റിസോർട്ട് പദ്ധതിയുടെ പേരിലാണ് പ്രവാസികളിൽ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചത്. ഈ പദ്ധതി പൂർത്തിയാക്കാതെ അതേ സ്ഥലത്ത് കെൻസ വെൽനസ് ഹോസ്പിറ്റലിന്റെ പേരിൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിച്ചതായാണ് പരാതി.