മാനന്തവാടി: തൃശിലേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിയും ഒണ്ടയങ്ങാടി സ്വദേശിയുമായ ജോയലാണ് മർദനമേറ്റ് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ച സ്‌കൂളിൽ വെച്ചാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് ടു വിദ്യാർത്ഥികളായ ആറ് പേർക്കെതിരെ തിരുനെല്ലി പൊലീസ് കേസെടുത്തു. തടഞ്ഞുവെച്ച് മർദ്ദിച്ചതിനുള്ള വകുപ്പ് പ്രകാരമാണ് കേസ്. എന്നാൽ സീനിയർ വിദ്യാർത്ഥികൾ തന്നെ റാഗ് ചെയ്തതാണെന്നും ക്രൂരമായി മർദിച്ചുവെന്നുമാണ് വിദ്യാർത്ഥിയുടെ പരാതി.
തലയ്ക്കും കഴുത്തിനും വയറിനുമാണ് മർദ്ദിച്ചതെന്ന് ജോയൽ പറഞ്ഞു. സ്‌ക്കൂളിൽ നിന്ന് റാഗിംഗ് സംബന്ധിച്ച് പരാതി ലഭിക്കാത്തതിനാലാണ് റാഗിംഗിന് കേസെടുക്കാത്തതെന്ന് പൊലീസ് പറഞ്ഞു. ജോയൽ തങ്ങളെ മർദിച്ചതായി പറഞ്ഞ് ചില വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.