
പനമരം: അഞ്ചുകുന്ന് കൂള്ളിവയൽ എസ്.എസ് മോട്ടോഴ്സ് വർക്ക് ഷോപ്പിൽ നിന്നു പട്ടാപ്പകൽ മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതി പിടിയിലായി. ബാലുശ്ശേരി കിഴക്കേതൊട്ടയിൽ ടി.വി.അജയകുമാറിനെയാണ് (29) കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയ്ക്കെതിരെ നടക്കാവ്, മാവൂർ, പൊന്നാനി, കസബ തുടങ്ങി വിവിധ സ്‌റ്റേഷനുകളിലായി മോഷണക്കേസും തട്ടിപ്പു കേസും നിലവിലുണ്ട്.
മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇയാൾ കഴിഞ്ഞ ദിവസം വർക്ക് ഷോപ്പിൽ നിന്നു ഫോൺ കവർന്നതെന്ന് വ്യക്തമായി. വർക്ക് ഷോപ്പിൽ കയറി മേശ പരിശോധിച്ചപ്പോൾ പണം ലഭിക്കാതെ വന്നതോടെ മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. സി സി ടി വി യിൽ ഇയാളുടെ ദൃശ്യം കൃത്യമായി പതിഞ്ഞിരുന്നു. മോഷ്ടിച്ച മൊബൈൽ കൽപ്പറ്റയിലെ ഒരു സ്ഥാപനത്തിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പിന്നീട് കേസ് രജിസ്റ്റർ ചെയ്ത് പനമരം സ്‌റ്റേഷനിലേക്ക് പ്രതിയെ കൈമാറി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
കടകളിൽ കയറി മോഷണവും ബൈക്ക് മോഷണവും മറ്റും പതിവാക്കിയ യുവാവ് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങിയ കേസും പലതായുണ്ടെന്ന് പൊലീസ് പറഞ്ഞു.