കൽപ്പറ്റ:ആദിവാസി സമൂഹത്തിൽ നിന്ന് എം. ബി. ബി. എസ് വിദ്യാർത്ഥിയായി എറണാകുളം മെഡിക്കൽ കോളേജിൽ ചേർന്ന തിരുനെല്ലി നാഗമന കോളനിയിലെ ഉണ്ണിക്ക് കൈത്താങ്ങായി റിഷി ഗ്രൂപ്പ് ഒാഫ് കമ്പനീസ്. ഉണ്ണിയുടെ പഠനത്തിന്റെ മുഴുവൻ ചെലവും വഹിക്കാമെന്ന് റിഷി എഫ്.ഐ.ബി.സി സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്‌ടറും സി.ഇ.ഒ.യുമായ ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് കേരളകൗമുദിയെ അറിയിച്ചു.
'അഭിമാനവഴിയേ ഉണ്ണിയും, പ്രവീണ കാത്തുനിന്നു' എന്ന കേരളകൗമുദി വാർത്തയാണ് സ്‌പോൺസർഷിപ്പിന് വഴി തുറന്നത്. ഉണ്ണിയെയും വിളിച്ച് വിവരം പറഞ്ഞു.
ബ്രഹ്മഗിരി ബി എസ്റ്റേറ്റിലെ തൊഴിലാളികളായ, അടിയ വിഭാഗത്തിൽ പെട്ട കരിയന്റെയും ജവനിയുടെയും ആറു മക്കളിൽ അഞ്ചാമനാണ് ഉണ്ണി. അടുത്ത അലോട്ട്മെന്റിൽ കോഴിക്കോട് അല്ലെങ്കിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ മിടുക്കൻ.
സഹോദരി പ്രീജയുടെ ചികിത്സയ്ക്കായി അപ്പപ്പാറ വനമേഖലയിൽ നിന്ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലേക്ക് ഓടിയത് ഉണ്ണി മറക്കില്ല. അന്നു തൊട്ടുള്ള മോഹമാണ് പഠിച്ച് നാടിന്റെ ഡോക്ടറാവണം എന്നത്. ആ മോഹത്തിന് താങ്ങാവുകയാണ് റിഷി ഗ്രൂപ്പ്. സുരേഷ്, ബിജു, രവി, മധു എന്നിവരാണ് ഉണ്ണിയുടെ മറ്റ് സഹോദരങ്ങൾ.
അടിയ വിഭാഗത്തിലെ തന്നെ കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ പ്രവീണ എറണാകുളം മെഡിക്കൽ കോളേജിലെ രണ്ടാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായുണ്ട്.
എം.ബി.ബി.എസിന്റെ ചെലവിനെ പറ്റി വിഷമിച്ചു കഴിയുമ്പോഴാണ് ജോസഫ് ഫ്രാൻസിസ് സാറിന്റെ വിളി വന്നത്. സ്‌പോൺസർ ചെയ്യുമെന്ന് കേട്ടപ്പോൾ സ്വപ്നമാണെന്ന് തോന്നി. ഇൗശ്വരനെപ്പോലെ വന്ന അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുന്നു.
--ഉണ്ണി
ലാഭത്തിന്റെ നാലിലൊന്നും
ജീവകാരുണ്യത്തിന്
വയനാട്ടുകാരനായ ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് ആഗോളതലത്തിൽ അറിയപ്പെടുന്ന ബിസിനസ് ഗ്രൂപ്പ് പടുത്തുയർത്തിയത് കഷ്ടപ്പാടുകളിലൂടെയാണ്. ലാഭത്തിന്റെ 25 ശതമാനവും ജീവകാരുണ്യത്തിന് നീക്കിവയ്‌ക്കുകയാണ്. 2007-ൽ ആരംഭിച്ച റിഷി ഗ്രൂപ്പ് സാമ്രാജ്യം മൈസൂരിൽ തുടങ്ങി ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. ഗ്രീൻ പോളി ഹൗസ് സാമഗ്രികൾ അടക്കം ഉത്പാദിപ്പിക്കുന്ന ഗ്രൂപ്പ് 95 ശതമാനവും കയറ്റിഅയയ്‌ക്കുകയാണ്.
ഭാര്യ ജോളി ജോസഫ്. മൂത്ത മകൻ ജോമോൻ ജോസഫ്. ഭാര്യ ചലച്ചിത്ര നടി റേബ മോണിക്ക ജോൺ. രണ്ടാമൻ ജോഫി ജോസഫിന്റെ വിവാഹത്തോടനുബന്ധിച്ച് 27ന് മാനന്തവാടിയിൽ 25 പേരുടെ സമൂഹവിവാഹം നടത്തുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട നിരവധി പേർക്ക് ഭൂമി വാങ്ങി വീട് വച്ച് നൽകിയിരുന്നു.