vida
വിട, എന്നേക്കുമായി... സമാധിയായ മാനന്തവാടി അമൃതാനന്ദമയി മഠാധിപതി സ്വാമി അക്ഷയാമൃതാനന്ദ പുരിയുടെ ഭൗതികദേഹം വളളിക്കാവ് ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നു

മാനന്തവാടി: ''മരണത്തെക്കുറിച്ച് ആരും അങ്ങനെ ചിന്തിക്കുന്നില്ല... ഒാരോരുത്തരുടെയും അവസാനം മരണമാണ്. ആ തിരിച്ചറിവ് പലർക്കും ഉണ്ടാകുന്നില്ല. ജീവിതകാലം ഏറെയില്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്, അതിനിടയിൽ ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ചെയ്യുക ...

മാനന്തവാടി അമൃതാനന്ദമയി മഠാധിപതി അക്ഷയാമൃതാനന്ദപുരി പൊടുന്നനെയെന്നോണം വിട ചൊല്ലിയതിനു തൊട്ട് മുമ്പ് അമൃതപുരിയിലെ സദ്സംഗത്തിൽ ഏവരെയും ഓർമ്മിപ്പിച്ചത് ഇങ്ങനെയാണ്.

ഒരു ട്രെയിൻ യാത്രയിൽ നാം ആരെയെല്ലാം കാണുന്നു. പരിചയപ്പെടുന്നു. ട്രെയിൻ ഒാരോ സ്റ്റേഷനിൽ എത്തുമ്പോൾ ഒാരോരുത്തർ നമ്മുടെ അടുത്ത് വന്നിരിക്കും. അടുത്ത സ്റ്റേഷനിൽ അവർ ഇറങ്ങുകയും ചെയ്യും. ഇതിനിടെ പലരുമായി പരിചയപ്പെടും. ഒരുമിച്ചിരുന്നു വർത്തമാനം പറയും. ഭക്ഷണം കഴിക്കും. പക്ഷെ, പിന്നെ അവരെ നാം ഒരിക്കലും കണ്ടെന്ന് വരില്ല. തിരക്കു കാരണം കാണാൻ ആഗ്രഹിക്കാറുമില്ല. അതാണ് ജീവിതം.... കൊവിഡ് തീവ്രവ്യാപനം കാരണം ആശ്രമത്തിൽ ഞായറാഴ്ചകളിലെ സദ്സംഗം കുറെയായി മുടങ്ങിയതായിരുന്നു. ഇന്നലെ കൊവിഡ് മാനദണ്ഡപ്രകാരമായിരുന്നു സംഗമം. ഭഗവത്ഗീതയിൽ നിന്നായിരുന്നു സ്വാമിജിയുടെ സദ്സംഗം. അതിനിടയ്ക്കാണ് മനുഷ്യജീവിതവും മരണവും അദ്ദേഹം പ്രതിപാദിച്ചത്. സദ്സംഗം കഴിയുമ്പോൾ ഒരു ഉച്ചയ്ക്ക് ഒരു മണിയായി. ഭക്ഷണം കഴിഞ്ഞ് വിശ്രമത്തിനായി മുറിയിലെത്തിയാതായിരുന്നു. പെട്ടെന്നു കുഴഞ്ഞു വീണു. നിമിഷങ്ങൾക്കകം എല്ലാം കഴിഞ്ഞു.

ആദിവാസികൾ ഉൾപ്പെടെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി എന്നും മുന്നിട്ടിറങ്ങിയിരുന്നു സ്വാമി. വിശ്വാസികൾക്ക് മാത്രമല്ല നാനാ ജാതി മതസ്ഥർക്കും ഇദ്ദേഹം ആശ്രയമായിരുന്നു.

സ്വാമിയുടെ സമാധിവാർത്തയറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർ മാനന്തവാടി അമൃതപുരിയിലേക്ക് ഒഴുകിയെത്തി. ഒ.ആർ.കേളു എം.എൽ.എ,സ്വാമി ഒാങ്കാരാനന്ദ തീർത്ഥ, സ്വാമി ഹംസാനന്ദ പുരി, മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി, വൈസ് ചെയർമാൻ പി.വി.എസ് മൂസ, അമൃതാനന്ദമയി മഠം ജില്ലാ ചെയർമാൻ പി.കെ.സുധാകരൻ, രക്ഷാധികാരികളായ എൻ.കെ.മന്മഥൻ, എം.എ. വിജയൻ, ടി.പുരുഷോത്തമൻ, ജില്ലാ കാര്യദർശി കെ.സുമേഷ് ബാബു തുടങ്ങിയവർ അന്തിമോചാരമർപ്പിക്കാനെത്തി.

വിശ്വാസികളും മറ്റും ചേർന്ന് പ്രാർത്ഥനയോടെയാണ് സ്വാമിജിയ്ക്ക് വിട ചൊല്ലിയത്. രാത്രി ഏഴേമുക്കാലോടെ ഭൗതികദേഹം വളളിക്കാവ് ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോട് വെളളമാടുകുന്നിലെ അമൃതാനന്ദമയി മഠത്തിന് സമീപം അല്പനേരം പൊതുദർശനത്തിന് വച്ചിരുന്നു.