സുൽത്താൻബത്തേരി:വാനരപ്പടയുടെ ശല്യം കാരണം കൃഷി ചെയ്ത് ഉപജീവനം നടത്താനാകാതെ വലയുകയാണ് സുൽത്താൻ ബത്തേരി നഗരസഭ പരിധിയിലെ ചെതലയം കൊമ്പൻമൂല ഗ്രാമവാസികൾ.നേരം പുലർന്നാൽ കൃഷിയിടത്തിലിറങ്ങുന്ന വാനരകൂട്ടം കൃഷിയിടത്തിലെ കൃഷികളും കണ്ണിൽ കണ്ടെതെല്ലാം നശിപ്പിക്കുന്നത് നിത്യകാഴ്ചയാണ്. പ്രധാനമായും വാഴകുലകളാണ് വാനരന്മാർ തിന്ന് നശിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കൊമ്പൻമൂല ശങ്കരന്റെ കൃഷിയിടത്തിലിറങ്ങിയ വാനരകൂട്ടം പാതി മുപ്പെത്തിയ നേന്ത്രകുലകൾ തിന്നു നശിപ്പിക്കുകയും ഉരിഞ്ഞുകളഞ്ഞും നശിപ്പിച്ചു. വാഴക്ക് പുറമെ കാപ്പി, പപ്പായ, പച്ചക്കറികളും മറ്റ് പഴവർഗ്ഗങ്ങളും നശിപ്പിച്ചു. വാനരന്മാരുടെ ശല്യം കാരണം വീട്ടാവശ്യത്തിന് പോലും ഒരു കൃഷിയും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. മാത്രമല്ല വീടിനകത്ത് സൂക്ഷിച്ച് വച്ചിരിക്കുന്ന ഭക്ഷ്യ സാധനങ്ങളും ഇവ എടുത്തുകൊണ്ടുപോവുകയും ചെയ്യുന്നു. വാനരകൂട്ടങ്ങളിൽ നിന്ന് പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും മറ്റും സംരക്ഷിക്കുന്നതിന് പകൽ സമയങ്ങളിൽ പോലും കാവലിരിക്കേണ്ട അവസ്ഥയാണ് കൊമ്പൻമൂല പ്രദേശവാസികൾക്ക് .ഇതുകാരണം പകൽ സമയങ്ങളിൽ ജോലിക്ക് പോകാൻ പോലും പലർക്കും കഴിയുന്നില്ല. കൂലിപ്പണിക്ക് പോയാണ് പലരും കുടുംബം പുലർത്തുന്നത്. കുരങ്ങിന് കാവലിരിക്കുന്നത് കാരണം കുടുംബംപുലർത്താനും പറ്റാത്ത അവസ്ഥയാണ്. വാനരശല്യത്തിന് പരിഹാരം കാണൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നു.