സുൽത്താൻ ബത്തേരി : വിളവെടുപ്പ് സീസൺ ആരംഭിച്ചിട്ടും കാർഷിക ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരില്ലാതായതോടെ ജില്ലയിലെ കാർഷിക രംഗം വൻ പ്രതിസന്ധിയിൽ. വില കുത്തനെ ഇടിഞ്ഞിട്ടും ഉൽപ്പന്നങ്ങൾ വാങ്ങാൻ ആവശ്യക്കാരില്ല. കിഴങ്ങ് വിളകളായ ഇഞ്ചി, ചേന, മഞ്ഞൾ തുടങ്ങിയവയാണ് ആർക്കും വേണ്ടാത്തത്. വിളകൾക്ക് ആവശ്യക്കാരില്ലാതെ വന്നതോടെ ഇവയെല്ലാം വിളവെടുക്കാൻ കഴിയാതെയായി. ഇഞ്ചി ചാക്കിന് 700 രൂപയും ചേനക്ക് 600 രൂപയും മഞ്ഞൾ ക്വിന്റലിന് 1300 രൂപയുമാണ് നിലവിലുള്ള വിപണി വില. കർണാടകയിൽ നിന്ന് ഇതിലും വിലക്കുറച്ച് സംസ്ഥാനത്തെ മാർക്കറ്റുകളിലേക്ക് ഇഞ്ചിയടക്കമുള്ളവ എത്തുന്നതാണ് നിലവിലുള്ള വിലക്കുറവിനും ഇപ്പോഴത്തെ പ്രതിസന്ധിക്കും കാരണം. കർഷകർക്ക് പുറമെ ജില്ലയിലെ മലഞ്ചരക്ക് കച്ചവടക്കാരും, കയറ്റിറക്ക് തൊഴിലാളികളും പ്രതിസന്ധിയിൽ തന്നെ. മുൻവർഷം ഇഞ്ചിയുടെ വിളവെടുപ്പ് സീസണിൽ ഇഞ്ചിക്ക് 900 രൂപവരെ വിലകിട്ടിയിരുന്നു.മഞ്ഞളിന് 15000രൂപയും ചേനക്ക് 750 രൂപയും ലഭിച്ചിരുന്നു. വിലകുറവിൽ വിത്ത് വാങ്ങിക്കൂട്ടാൻ ആളുകൾ ശ്രദ്ധവെച്ചിരുന്നെങ്കിൽ ഇത്തവണ വിത്തിഞ്ചിക്കും ആവശ്യക്കാരില്ലെതെ വന്നിരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വയനാട് ജില്ലയിൽ നിന്നും ഉൽപ്പന്നങ്ങൾ കയറ്റിപ്പോയിരുന്നു. ഇപ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്ന് വിലകുറവിൽ ഉൽപ്പന്നങ്ങൾ മറ്റ് ജില്ലകളിലേക്ക് കയറ്റിപ്പോകുന്നു. ഇത് വയനാടൻ കാർഷിക മേഖലക്ക് തിരിച്ചടിയായി. ചുക്കിന് പോലും ആവശ്യക്കാരില്ലാത്തത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കർഷകർക്ക് അൽപ്പമെങ്കിലും ആശ്വാസം പകരുന്നത് അടക്ക,കാപ്പി എന്നിവക്കാണ് . അടക്കപൈങ്ങക്ക് കിലോവിന് 175 രൂപയും കൊട്ടടക്കക്ക് 250 രൂപ രൂപയുമാണ്. ഉണ്ടക്കാപ്പിക്ക് മുൻവർഷത്തെക്കാൾ വിലയുണ്ട്. കിലോക്ക് 83 രൂപയുണ്ട്.എന്നാൽ ഉൽപ്പാദനം കുറവാണ്.അടക്കായുടെ കായ് പിടിക്കുന്ന സമയത്തുണ്ടായ അടഞ്ഞമഴയും, തുർന്നുണ്ടായ മൃഗശല്യവും കാരണം വിളവിൽ വൻനഷ്ടം വന്നു. സാമ്പത്തിക വർഷമവസാനിക്കാനിരിക്കെ ലോൺ തിരിച്ചടവ് അടക്കം കണക്കുകൂട്ടിയിരുന്ന കർഷകർക്ക് ഉൽപ്പന്നങ്ങളുടെ വിലയില്ലായ്മയും ആവശ്യക്കാരില്ലാത്തതും വൻ തിരിച്ചടിയായി മാറി.