
കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ട് എ.ഡി.ജി.പി ശ്രീജിത്ത് മടക്കി. മരം മുറിയിൽ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ച് കൃത്യമായി പറയുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണിത്. ഡി.എഫ്.ഒ രഞ്ജിത്ത്, മുൻ റേഞ്ച് ഓഫീസർ ബാബുരാജ് എന്നിവർക്കെതിരായ കണ്ടെത്തലിലും കൃത്യതയില്ല. അതേസമയം, ക്രമക്കേട് കണ്ടെത്തിയ റേഞ്ച് ഓഫീസർ ഷെമീറിനെതിരെ പ്രതികൾ ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെടുത്തിട്ടുണ്ട്. ഓരോരുത്തരുടെ പങ്കും പ്രത്യേകം പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സന്തോഷ് കുമാറിന് എ.ഡി.ജി.പി ശ്രീജിത്ത് നിർദ്ദേശം നൽകി.
കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് വിവാദമായിരുന്നു. ലക്കിടി ചെക്ക്പോസ്റ്റിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ്. വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്. ഈട്ടിത്തടിയുമായെത്തിയ ലോറി ചെക്ക്പോസ്റ്റിൽ പരിശോധന നടത്താതെ കടത്തിവിട്ടതിനായിരുന്നു സസ്‌പെൻഷൻ. കേസിലെ തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ പിൻവലിച്ചത്.