കൽപ്പറ്റ: മാനന്തവാടി തലശ്ശേരി റോഡിൽ ഫാഷൻ വില്ലേജിന്റെ താഴെ നിലയിലെ മൂന്നാമത്തെ മുറിക്ക് മുന്നിൽ നീണ്ട നിര. ഏറെയും അവശരായവർ. തലപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച കുടക്കച്ചിറ കെ.ബാബു ഫിലിപ്പ് മാഷ് ഓടിക്കിതച്ചെത്തുമ്പോൾ കാരുണ്യത്തിനായി 'സ്പന്ദന'ത്തിൽ കാത്തിരിക്കുകയാണ് കുറെ മനുഷ്യർ. മാഷെ കണ്ടയുടൻ ക്ഷമയോടെ ഓരോരുത്തരായി അരികിലെത്തി. മുറിയിലിട്ട കസേരയിൽ ഇരിക്കാൻ മാഷുടെ അഭ്യർത്ഥന...
നിർദ്ധന രോഗികളുടെ സാന്ത്വന കേന്ദ്രമാണ് സ്പന്ദനം. സ്പന്ദനത്തിന്റെ പ്രസിഡന്റുകൂടിയായ കെ.ബാബു ഫിലിപ്പ് ഓരോരുത്തരിൽ നിന്നായി ചീട്ട് വാങ്ങി രജിസ്റ്ററിൽ രേഖപ്പെടുത്തി. തൊട്ടടുത്ത മെഡിക്കൽ ഷോപ്പിലേക്ക് മരുന്നിനും സൂപ്പർമാർക്കറ്റിലേക്ക് പലവ്യഞ്ജനത്തിനും കുറിപ്പ് നൽകി. സമയം മാറുന്തോറും രോഗികളുടെ നിര നീളുകയായിരുന്നു.
റിഷി എഫ്.ഐ.ബി.സി സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ജോസഫ് ഫ്രാൻസിസ് വടക്കേടത്തിന്റെ കാരുണ്യ സ്പർശമാണ് മാനന്തവാടിയിലെ സ്പന്ദനം ചാരിറ്റബിൾ സൊസൈറ്റിയുടെ വിജയം. ലക്ഷക്കണക്കിന് രൂപയാണ് ഓരോ മാസവും സ്പന്ദനം മുഖേന പാവപ്പെട്ട രോഗികൾക്കും നിർദ്ധനർക്കും ചെലവഴിക്കുന്നത്.
2006ൽ സ്പന്ദനം
2006ൽ മാനന്തവാടിയിൽ ഡോ.സുകുമാർ അഴീക്കോടിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സ്പന്ദനത്തിന്റെ പിറവി. അന്തരിച്ച ജീവകാരുണ്യ പ്രവർത്തകൻ കൈപ്പാണി ഇബ്രാഹിമായിരുന്നു സ്ഥാപക സെക്രട്ടറി. 2017ൽ ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് മുഖ്യരക്ഷാധികാരിയായതോടെ സ്പന്ദനം ജീവകാരുണ്യ മേഖലയിലെ തുടിപ്പായി. തുടക്കത്തിൽ റിഷി ഗ്രൂപ്പിന്റെ സാമൂഹ്യ സുരക്ഷാ നിധിയിൽ നിന്ന് 10 ലക്ഷം രൂപ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിനായി നൽകി. രണ്ട് പ്രളയങ്ങളിലും ജോസഫ് ഫ്രാൻസിസ് സഹായ ഹസ്തം നീട്ടി. നിരവധി പേർക്ക് സ്ഥലം വാങ്ങി വീട് വച്ച് നൽകി. സർക്കാരിന്റെ പദ്ധതിയിൽ പാതിവഴിക്കായ വീടുകൾ പൂർത്തീകരിച്ചു. ജില്ലാ ആശുപത്രിയിൽ ഭക്ഷണത്തിന് ഒരു തുക ഇപ്പോഴും നൽകുന്നു. ഒരു വർഷം 50 ലക്ഷത്തിലേറെ രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമായി ചെലവഴിക്കുന്നു. ഒരു മാസം മുന്നൂറോളം രോഗികൾക്ക് മരുന്നും എഴുപത് രോഗികളുടെ കുടുംബങ്ങൾക്ക് കിറ്റും ജോസഫ് ഫ്രാൻസീസ് നൽകുന്നു. അഞ്ചുപേർ അടങ്ങുന്ന കമ്മിറ്റിയാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
മകന്റെ വിവാഹത്തോടൊപ്പം
സമൂഹ വിവാഹവും
ജോസഫ് ഫ്രാൻസിസിന്റെ രണ്ടാമത്തെ മകൻ ജോഫി ജോസഫിന്റെ വിവാഹത്തോടനുബന്ധിച്ച് ഈമാസം 27ന് മാനന്തവാടി സെന്റ് പാട്രിക് സ്കൂളിൽ സമൂഹ വിവാഹം നടക്കുകയാണ്. മക്കളുടെ വിവാഹത്തിന്റെ ആർഭാടങ്ങൾ ഒഴിവാക്കിയാണ് 25 പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നത്. ഫാ.വർഗീസ് മറ്റമന ചെയർമാനായ കമ്മിറ്റി സമൂഹ വിവാഹത്തിന്റെ അവസാന ഒരുക്കത്തിലാണ്. ജോസഫ് ഫ്രാൻസിസിന് പുറമെ മാനന്തവാടി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. ശ്രീധരൻ,എം.ജെ.വർക്കി എന്നിവരും സ്പന്ദനത്തിന്റെ രക്ഷാധികാരികളാണ്.