കൽപ്പറ്റ: വിമുക്തഭടന്റെ മകന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ കൈപ്പറ്റിയ ശേഷം കബളിപ്പിച്ച കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി സ്റ്റാൻലി സൈമണിനെ (42) കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഇയാൾക്കെതിരെ സമാന കേസുകൾ നിലവിലുണ്ട്. ഡിവൈ.എസ്.പി എം.ഡി സുനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അന്വേഷണം നടത്തിവരികയായിരുന്നു. വയനാട് സൈബർ സെല്ലിന്റെ സഹായത്തോടെ ഇന്നലെ ഉച്ച കഴിഞ്ഞ് കോഴിക്കോട്ട് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൽപ്പറ്റ ഇൻസ്‌പെക്ടർ പി.പ്രമോദിന്റെ നേതൃത്വത്തിൽ എസ്.ഐ ഷറഫുദ്ദീൻ, ടി.പി അബ്ദുറഹ്‌മാൻ, കെ.കെ.വിപിൻ, ജ്യോതിരാജ്, നൗഷാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.