 
കൽപ്പറ്റ: '' അപരിചിതമായ ഇടങ്ങളിലൂടെ പോകുമ്പോൾ മാഷേ എന്ന ആ വിളിയുണ്ടല്ലോ, കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ്. നല്ല അദ്ധ്യാപകർക്കെ അതിന്റെ സുഖം അനുഭവിക്കാൻ പറ്റൂ.''.. കെ.യു.ചെറിയാൻ മാഷ് പറഞ്ഞു നിർത്തുമ്പോൾ
നെടുവീർപ്പിൽ തെളിഞ്ഞത് വയനാടിന്റെ മാറ്റിയെഴുതിയ വിദ്യാഭ്യാസ ചരിത്രം.
വയനാട് ജില്ലയിലെ ആദ്യത്തെ പാരലൽ കോളേജായ മാനന്തവാടി ന്യൂമാൻസ് കോളേജിന്റെ സ്ഥാപകനാണ് കെ.യു.ചെറിയാൻ. കല്ലോടി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ, കണിയാരം ഫാ.ജി.കെ.എം ഹയർസെക്കൻഡറി സ്കൂൾ, പയ്യമ്പളളി സെന്റ് കാതറൈൻസ് ഹയർസെക്കൻഡറി സ്കൂൾ, പയ്യന്നൂർ തോമാപുരം ഹൈസ്കൂൾ എന്നിവിടങ്ങളിലെല്ലാം അദ്ധ്യാപകനായും പ്രധാനാദ്ധ്യാപകനായും പ്രവർത്തിച്ച ചെറിയാൻ മാഷിന് ന്യൂമാൻസ് കർമ്മപഥത്തിലെ ഊർജമായിരുന്നു.
ഒരുകാലത്ത് ജില്ലയിൽ ആകെയുണ്ടായിരുന്നത് സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജ് മാത്രം. എസ്.എസ്.എൽ.സിക്ക് നൂറുമേനി വാങ്ങിയാലും തുടർപഠനത്തിന് ചുരം ഇറങ്ങേണ്ട സ്ഥിതി. അവിടെയാണ് ചെറിയാനും മാത്യു മേച്ചേരിയും അക്ഷരദീപമായി തെളിയുന്നത്. മാത്യു മേച്ചേരിലിന്റെ മേച്ചേരി ട്യൂട്ടോറിയൽ കോളേജും കെ.യു. ചെറിയാന്റെ ന്യൂമാൻസ് കോളേജും പിന്നീട് വയനാടിന്റെ വിദ്യാഭ്യാസ ചരിത്രം മാറ്റിയെഴുതി. 1969-70 കാലത്താണ് ചെറിയാൻ മാഷ് വയനാട്ടിലെത്തുന്നത്. 1971ൽ കോളേജ് ആരംഭിക്കുമ്പോൾ സാഹിത്യകാരൻ കടാങ്കോട്ട് പ്രഭാകരൻ, തൃശ്ശിലേരിയിലെ ടി.ശശിധരൻ, ഐ.കെ.ചന്ദ്രമോഹനൻ തലശ്ശേരി എന്നിവരായിരുന്നു സഹപ്രവർത്തകർ. 28 കുട്ടികളെ വച്ചായിരുന്നു തുടക്കം. 1979വരെ ന്യൂമാൻസ് കോളേജിന്റെ ജീവാത്മാവും പരമാത്മാവും ചെറിയാൻ മാഷായിരുന്നു. പയ്യമ്പളളി സെന്റ് കാതറൈൻസ് ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലി കിട്ടിയതോടെ ഭാര്യാ സഹോദരനായ എ.ടി.വർക്കിയെ കോളേജ് ഏൽപ്പിച്ചു. 1979ൽ ന്യൂമാൻസ് കോളേജ് മാനന്തവാടി രൂപത ഏറ്റെടുത്തു. 1999 മാർച്ചിൽ പയ്യമ്പളളി സെന്റ് കാതറൈൻസ് ഹയർസെക്കൻഡറിയിൽ പ്രിൻസിപ്പാളായാണ് ചെറിയാൻ മാഷ് വിരമിക്കുന്നത്. പയ്യമ്പള്ളിയിൽ എൺപതിന്റെ വിശ്രമകാറ്റേറ്റ് കഴിയുമ്പോഴും ചെറിയാൻ മാഷിന് അദ്ധ്യാപനം ജീവവായുവാണ്. നല്ലൊരു മാതൃകാ കർഷകൻ കൂടിയാണ് ഈ അക്ഷര സ്നേഹി. പയ്യമ്പളളി സെന്റ് കാതറൈൻസ് സ്കൂൾ അദ്ധ്യാപികയായിരുന്ന എം.ജെ.ആലീസാണ് ഭാര്യ. മക്കൾ: സെനിത്ത് സി കോട്ടയിൽ, സെഫീർ സി കോട്ടയിൽ (അസി.പ്രൊഫ. പഴശ്ശിരാജാ കോളേജ്, പുൽപ്പളളി), സീറോ സി കോട്ടയിൽ (ലക്ചറർ, ഗവ.കോളേജ്,യു.കെ ).