മാനന്തവാടി: താഴയങ്ങാടി ജ്യോതി ആശുപത്രിക്ക് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ മോഷണം നടത്തിയ മൂന്ന് പേർ അറസ്റ്റിലായി. പിലാക്കാവ്, വട്ടർകുന്ന്, പള്ളിത്തൊടി ഷാഹിദ് (18), കുറ്റിമൂല കല്ലൻപറമ്പിൽ കെ.എസ്.ജിതിൻ (18), തൃശ്ശൂർ തൃപയാർ സിദ്ധി വിനായക് (27) എന്നിവരെയാണ് മാനന്തവാടി എസ്എച്ച്ഒ എം.എം.അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ക്വാർട്ടേഴ്സിൽ കയറിയ മോഷ്ടാക്കൾ മൊബൈൽ ഫോൺ മോഷ്ടിക്കുകയും മോഷണ ശ്രമത്തിനിടെ താമസക്കാരനായ ബാബു വന്നപ്പോൾ അയാളുടെ തലയിൽ മുണ്ടിട്ട് മൂടി കടന്നു കളയുകയുമായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് ഇവർ ബാബു താമസിക്കുന്ന ക്വാർട്ടേഴ്സിൽ മോഷണത്തിന് എത്തിയത്. എന്നാൽ ഇതിനിടെ ബാബു എത്തിയപ്പോൾ മോഷ്ടാക്കൾ ഉടുമുണ്ട് ബാബുവിന്റെ മുഖത്തേക്കേറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

സമീപത്തെ സി സി ടി വി യിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രദേശവാസികൾക്ക് പൊലീസ് കൈമാറുകയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ സംഘത്തെ പിടികൂടുകയുമായിരുന്നു. ഇവരിൽ നിന്ന് മോഷ്ടിച്ച മോബൈൽ ഫോണും കണ്ടെടുത്തു.

എസ് ഐ മാരായ ബിജു ആന്റണി, സനൽ കുമാർ, പ്രബേഷൻ എസ് ഐ വിഷ്ണുരാജ്, എ എസ് ഐ മോഹൻദാസ്, ഹെഡ് കോൺസ്റ്റബിൾ ജിൽസ്, ഡ്രൈവർ ഷാജഹാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.