joy

പുൽപ്പളളി:ഒരു ചുവടിൽ നിന്നും 60 കിലോ കപ്പയുമായി പാടിച്ചിറ വാഴയിൽ ജോയി.ഒരു കപ്പക്ക് തന്നെ പത്ത് കിലോ തൂക്കം വരും. കപ്പയ്ക്ക് വിലയില്ലെങ്കിലും മികച്ച വിളവ് ലഭിച്ച സന്തോഷത്തിലാണ് കർഷകനായ ജോയി. പാരമ്പര്യമായി കൃഷി ചെയ്തുവരുന്ന ജോയിയുടെ കൃഷിയിടത്തിൽ ഇടവിളകളായ ചേന, കാച്ചിൽ എന്നിവയുണ്ടെങ്കിലും വിലയില്ലാത്തതിനാൽ പറിക്കാതെയിട്ടിരിക്കുകയാണ്. കിലോയ്ക്ക് 10 രൂപ നിരക്കിൽ നഷടം സഹിച്ച് കപ്പ പറിച്ചുകൊടുക്കുമ്പോൾ ഇനി ഇടവിള കൃഷി സ്വന്തം ആവശ്യത്തിന് മാത്രമായി നിജപ്പെടുത്തുമെന്നാണ് ജോയി പറയുന്നത്. കിഴങ്ങുവിളകൾക്കടക്കം വിലയില്ലാതായതും, വാങ്ങാനാളില്ലാതെ വരുന്നതുമെല്ലാം ഈ കൃഷിയിൽ നിന്നും കർഷകരെ പിന്തിരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

10 ക്വിന്റലോളം വരുന്ന കാച്ചിൽ ഇപ്പോഴും മണ്ണിനടിയിൽ തന്നെയാണ്. വിലയില്ലെന്ന് മാത്രമല്ല, വാങ്ങാനാളില്ലാത്തതിനാൽ പറിച്ചിട്ടും കാര്യമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ തവണയും കാച്ചിൽ പറിച്ചില്ല. ചേനയുടെ കാര്യവും മറിച്ചല്ല, ഈ സീസണിലും ചേന പറിക്കാതെ തന്നെയിട്ടിരിക്കുകയാണ്. കുടകിൽ ഇഞ്ചികൃഷിയുണ്ടെങ്കിലും അതും നഷ്ടത്തിൽ തന്നെ. തെങ്ങ്, കമുക്, കാപ്പി, കുരുമുളക് എന്നിങ്ങനെയുള്ള കാർഷികവിളകളിൽ നിന്നുള്ള വരുമാനമാണ് തന്നെ പിടിച്ചുനിർത്തുന്നതെന്ന് അദ്ദേഹം പറയുന്നു. ഒരു കിഴങ്ങ് പത്തും, അഞ്ചും കിലോ തൂക്കം വരുന്നത് കാണാൻ കൗതുകമാണെങ്കിലും കച്ചവടക്കാർക്ക് വേണ്ടെന്ന് ജോയി പറഞ്ഞു. തൂക്കം കൂടിയ കിഴങ്ങുകൾക്ക് ആവശ്യക്കാർ കുറവാണെന്നതാണ് അതിന്റെ കാരണം. കൃഷിയിൽ ഇനിയും സജീവമാകുമെങ്കിലും ഇടവിള കൃഷിയിൽ നിന്നും താത്കാലികമായി പിന്തിരിയുകയാണെന്നും അദ്ദേഹം

പറയുന്നു.