മാനന്തവാടി: മൊറട്ടോറിയം കാലാവധി കഴിഞ്ഞതോടെ കാർഷിക വായ്പകൾ തിരിച്ചടപ്പിക്കാനുള്ള നീക്കങ്ങൾ നിർത്തിവെക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു. സർഫാസി ആക്ടിന്റെ പേരിൽ കിടപ്പാടമടക്കം ജപ്തി ചെയ്യാൻ ബാങ്കുകൾ കൂട്ടമായിവരുന്നത് അംഗീകരിക്കാനാവില്ല.

വായ്പാതുകയുടെ നാലും അഞ്ചും ഇരട്ടിയാണ് പലിശ, കൂട്ടുപലിശ, പിഴപ്പലിശ എന്നൊക്കെയുള്ള പേരിൽ ഈടാക്കാൻ ശ്രമിക്കുന്നത്. ഏതാനും ഗഡുക്കൾ മുടങ്ങിയാൽ കനത്ത പിഴയാണ് ചുമത്തുന്നത്. തിരിച്ചടവിനു സാവകാശം നൽകണമെന്ന് ജില്ലാ കലക്ടർ ഇടപെട്ട് ബാങ്ക്മാനേജ്‌മെന്റുകളോട് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും കടം പൂർണ്ണമായും എഴുതി തള്ളാതെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാവില്ലെന്ന് രൂപത സമിതി ചൂണ്ടിക്കാട്ടി.

യോഗം ബിഷപ്പ് മാർ. ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അഡ്വ. ജിജിൽ ജോസഫ്, ട്രഷറർ ജോർജ്കുട്ടി വിലങ്ങുപാറ, ഗ്ലോബൽ സെക്രട്ടറിമാരായ വർക്കി നിരപ്പേൽ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, അനീഷ് ഓമക്കര, ജിൽസ് മേയ്ക്കൽ, തോമസ് ആര്യമണ്ണിൽ, ബേബി ഇളയിടം, തോമസ് പട്ടമന തുടങ്ങിയവർ പ്രസംഗിച്ചു.