കാട്ടിക്കുളം: കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ച് സമീപത്തെ വീടിന് നാശനഷ്ടം. മാനന്തവാടിയിൽ നിന്ന് കർണാടക കുട്ടയിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന മാനന്തവാടി ഡിപ്പോയിലെ ആർഎൻകെ 109 നമ്പർ ബസിന്റെ മുൻവശത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിത്തെറിച്ചത്.

ഇന്നലെ രാവിലെ എട്ടരയോടെ കാട്ടിക്കുളത്തിന് സമീപം മജിസ്‌ട്രേറ്റ് കവലയിലായിരുന്നു സംഭവം. ബസ്സിൽ 38 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല.

ഊരിത്തെറിച്ച ടയർ അമ്പതോളം മീറ്ററുകൾ മാറി നാല് സെന്റ് കോളനിയിലെ അപ്പുവിന്റെ വീടിന്റെ മേൽക്കൂരയിലാണ് പതിച്ചത്. ഓടു പൊട്ടുകയും ഭിത്തിക്ക് ചെറിയ വിള്ളലുണ്ടാകുകയും ചെയ്തിട്ടുണ്ട്.

ബെയറിംഗ് പൊട്ടിയതാണ് അപകട കാരണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.

എ ടി ഒ പ്രിയേഷ്, ഡിപ്പോ എൻജിനീയർ സുജീഷ് എന്നിവർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അപ്പുവിന്റെ വീടിന്റെ തകരാർ നന്നാക്കി നൽകുമെന്ന് ഉറപ്പ് നൽകി. തൊട്ടുമുമ്പത്തെ സ്‌റ്റോപ്പിൽ ബസ് നിർത്തിയതിന് ശേഷം മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. വേഗതയില്ലാത്തതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.