മേപ്പാടി: മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. തോട്ടം ഉടമകൾ, സൂപ്പർവൈസർമാർ എന്നിവർക്കെതിരെ വൈൽഡ് ലൈഫ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്തികളുടെ തോട്ടത്തിലെ കേബിൾ കെണിയിൽ കഴിഞ്ഞ ദിവസമാണ് പുലി കുടുങ്ങിയത്. 5 വയസ് പ്രായമുള്ള ആൺ പുലിയെ പിന്നീട് മയക്കുവെടിവച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിലാണ് പുലി കുടുങ്ങിയതെന്നാണ് നിഗമനം. ചികിത്സ നൽകി പുലിയെ കാട്ടിലേക്ക് തുറന്നുവിട്ടു. അന്വേഷണം നടത്തി പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.