കിഫ്ബി വഴി 12.70 കോടി
തിരുനെല്ലി: തിരുനെല്ലി കാളിന്ദി നദിക്ക് കുറുകെയുള്ള നിട്ടറ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. കാലവർഷത്തിൽ മറുകര കടക്കാനുള്ള ഏക ആശ്രമായിരുന്ന താൽക്കാലിക പാലം തകർന്നതിന് ബദലായാണ് 12.70 കോടി രൂപ ചെലവിൽ പുതിയ പാലം പണിയുന്നത്. എം.എൽ.എ ഒ.ആർ.കേളുവിന്റെ നിരന്തര ഇടപെടലുകളെ തുടർന്നാണ് പുതിയ പാലം വരുന്നത്.
പാലത്തിന്റെ സമീപന റോഡ് നിർമ്മാണമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണച്ചുമതല. പാലത്തിന്റെ ഇരുഭാഗങ്ങളിലുമായി 1.600 മീറ്റർ നീളത്തിൽ സമീപനറോഡ് നിർമിക്കും. 10.5 മീറ്ററാണ് പാലത്തിന്റെ വീതി. 7.5 മീറ്റർ വാഹനങ്ങൾക്ക് കടന്നപോകാനും ഇരുഭാഗങ്ങളിലുമായി 1.5 മീറ്റർ നീളത്തിൽ നടപ്പാതയും നിർമിക്കും.
2003-04 കാലത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയിൽ ഉൾപ്പെടുത്തി 5.8 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പാലം അടുത്തവർഷം തന്നെ ഒഴുകിപ്പോവുകയായിരുന്നു. സ്ഥിരം പാലത്തിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷം 17 ആവുകയാണ്.
കരിമം, നിട്ടറ, വെള്ളറോടി, ചിന്നടി കോളനികളിലുള്ളവർക്ക് കാളിന്ദിപ്പുഴ മുറിച്ചു കടക്കാനുള്ള ഏക പാലമായിരുന്നു ഇത്.
#
''പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമായത്.
നിട്ടറയിൽ ഒരു സ്ഥിരം പാലത്തിനായി ഞാൻ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ മുതൽ തുടങ്ങിയ ശ്രമമാണ്. എല്ലാവർഷവും ഗ്രാമപഞ്ചായത്ത് താൽക്കാലിക പാലം നിർമ്മിച്ചു കൊടുക്കുകയായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ് പദ്ധതിക്കായി കിഫ്ബിയിൽ നിന്ന് തുക വകയിരുത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു.'
ഒ.ആർ.കേളു എം.എൽ.എ