സുൽത്താൻ ബത്തേരി : യുക്രെയിനിൽ പതിക്കുന്ന ഓരോ റഷ്യൻ മിസൈലുകളും മലയാളി വിദ്യാർത്ഥികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. അതിർത്തി കടക്കാനാവാതെ ജീവൻ
കൈയിൽ പിടിച്ച് ബങ്കറുകളിലും അണ്ടർ ഗ്രൗണ്ടുകളിലും കഴിയുകയാണെന്ന് വിം കാരാസിൻ കാർഗോ നാഷണൽ മെഡിക്കൽ സർവകലാശാല വിദ്യാർത്ഥിനിയും വയനാട് ചീരാൽ സ്വദേശിയുമായ അറക്കൽ മനീഷ പറയുമ്പോൾ തൊണ്ടയിടറുന്നുണ്ടായിരുന്നു. യുദ്ധം തുടങ്ങിയ ദിവസം മുതൽ കാർവി നൗക്കോവ മെട്രോ സ്റ്റേഷന്റെ അണ്ടർഗ്രൗണ്ടിൽ കഴിയുകയാണ്.
എം.ബി.ബി.എസ് നാലാം വർഷ വിദ്യാർത്ഥിയായ മനീഷയെ കൂടാതെ കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, സ്വദേശികളായ നിരവധി വിദ്യാർത്ഥികളും അണ്ടർഗ്രൗണ്ടിലുണ്ട്. റഷ്യയോട് അടുത്ത് കിടക്കുന്ന പ്രദേശമായതിനാൽ യുദ്ധത്തിന്റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരാണ് ഇവർ. മിസൈൽ ആക്രമണം ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് . കൈയിൽ കരുതിയ ഭക്ഷണസാധനങ്ങൾ തീർന്നുതുടങ്ങി. കടകൾ മിക്കതും അടഞ്ഞ് കിടപ്പാണ്. മെട്രോയുടെ സമീപത്തെ രണ്ട് കടകൾ ദിവസവും അരമണിക്കൂർ തുറക്കും. വാഹനത്തിന്റെയോ വിമാനത്തിന്റെയോ ശബ്ദംകേട്ടാൽ അടച്ചിടും. കൈയിൽ കാർഡ് ഉണ്ടെങ്കിലും പുറത്തിറങ്ങി പൈസ എടുക്കാൻ കഴിയില്ല.
അണ്ടർ ഗ്രൗണ്ടിലെ താമസം ദുരിതപൂർണമാണെന്ന് മനീഷ പറയുന്നു. ആളുകൾ തിങ്ങിക്കഴിയുന്നതിനാൽ പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയുന്നില്ല. ഹോസ്റ്റലുകളിൽ കഴിയുന്നവർക്ക് ഭക്ഷണത്തിന് വലിയ പ്രയാസമില്ല. എന്നാൽ മെട്രോകളിലും മറ്റും കഴിയുന്നവരാണ് ബുദ്ധിമുട്ടുന്നത്. ഇന്ത്യൻ വിമാനങ്ങൾ വരുന്നുണ്ടെങ്കിലും വിവിധ പ്രദേശങ്ങളിലായി കുടുങ്ങി കിടക്കുന്നതിനാൽ അതിർത്തികളിലെത്താൻ മാർഗമില്ലാതെ ബുദ്ധിമുട്ടുകയാണ്. റോഡ് മാർഗം പോളണ്ടിലോ റോമാനിയയിലോ എത്തിയാൽ മാത്രമെ ഇന്ത്യയിലേക്ക് വരാൻ കഴിയൂ.
യുദ്ധത്തിന്റെ തീവ്രത കുറഞ്ഞ മേഖലയിൽ നിന്നുള്ളവരാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്. ബോംബാക്രമണവും തണുപ്പും അതിജീവിച്ച് 25-30 മണിക്കൂർ യാത്ര ചെയ്തുവേണം അതിർത്തിയിലെത്താൻ. ഇങ്ങനെ ഇറങ്ങിത്തിരിച്ച പലരും കൊടും തണുപ്പിൽ നരകിക്കുകയാണ്. ഇപ്പോഴുള്ള ഏക ആശ്വാസം വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നതാണ്. അതും ഏത് നിമിഷവും അവസാനിക്കാം. ഇന്ത്യൻ എംബസി എത്രയും പെട്ടെന്ന് തങ്ങളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന അഭ്യർത്ഥനയാണ് മനീഷ ഉൾപ്പെടെയുള്ളവർക്കുള്ളത്.