
കൽപ്പറ്റ: ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ചുരം ബൈപ്പാസ് റോഡ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തളിപ്പുഴയിൽ വനാതിർത്തിയോട് ചേർന്ന് ജനകീയ റോഡ് വെട്ടൽ സമരം. തളിപ്പുഴ പൂക്കോട് ജംഗ്ഷനിൽ നിന്നും കോടഞ്ചേരി,താമരശ്ശേരി,പുതുപ്പാടി,വൈത്തിരി പഞ്ചായത്ത് ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രിയ സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും നേതൃത്വത്തിൽ നീങ്ങിയ മാർച്ച് വനാതിർത്തിയിൽ വെച്ച് പൊലീസും വനപാലകരും ചേർന്ന് തടഞ്ഞു. ദേശീയപാത 766ചിപ്പിലിത്തോട് ചിപ്പിലിത്തോട് 47.500 ൽ നിന്ന് തുടങ്ങി തളിപ്പുഴ 60.200ൽ എത്തിച്ചേരുന്ന നിലയിലാണ് നിർദ്ധിഷ്ട ബൈപ്പാസ്. ഇതിൽ കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ,കോടഞ്ചേരി പരിധിയിൽ 6 കിലോമീറ്റർ പഞ്ചായത്ത് റോഡ് നിലവിലുണ്ട്.തുടർന്ന് രണ്ടര കിലോമീറ്റർ വനഭൂമി പിന്നിട്ടാൽ ബാക്കി ഭാഗം വൈത്തിരി പഞ്ചായത്ത് പരിധിയിലെ കൂപ്പ് റോഡാണ്. കാലപ്പഴക്കം കൊണ്ടും അധികഭാരം കൊണ്ടും നിലനിൽപ്പ് ഭീഷണി നേരിടുന്ന വയനാട് ചുരത്തിൽ ഏക പരിഹാരമാണ് നിർദ്ധിഷ്ട ബൈപ്പാസ്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അടിയന്തിര പരിഗണനയിൽപ്പെടുത്തി ഈ ബൈപ്പാസ് സാധ്യമാക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത് അഡ്വ. ടി.സിദ്ധിഖ് എം.എൽ.എ പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ ഹുസൈൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ടി.ആർ.ഒ കുട്ടൻ സ്വാഗതം പറഞ്ഞു.
റോഡ് വെട്ടലിന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാൻ ,പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ കെ.പി.സുനീർ, വൈത്തിരി പഞ്ചായത്ത് പ്രതിനിധികളായ ജ്യോതിഷ്‌കുമാർ, ഡോളി ജോസ് എന്നിവർ നേതൃത്വം നൽകി.
മുൻ എം.എൽ.എ എൻ.ഡി അപ്പച്ചൻ, ഫാദർ തോമസ് ജോസഫ് കൊച്ചു മണ്ണാറത്ത്, സെയ്ത് തളിപ്പുഴ, ജോണി പറ്റാനി, റസാഖ് കൽപ്പറ്റ, ഷാൻ കട്ടിപ്പറ, എ.എ വർഗ്ഗീസ്, ഷാജഹാൻ തളിപ്പുഴ, ബിന്ദു ഉദയൻ,മൊയ്തു മുട്ടായി, ഇ.കെ വിജയൻ, പി.കെ സുകുമാരൻ, റെജി ജോസഫ്, സി.സി ജോസഫ്, ബിജു താന്നിക്കാക്കുഴി, ഷാഫി വളഞ്ഞ പാറ, ഖദീജ സത്താർ എന്നിവർ പ്രസംഗിച്ചു.