വൈത്തിരി: കേരളശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ മറ്റു സംഘടനകളുടെ സഹകരണത്തോടെ ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ ജില്ലയിൽ നടത്തുന്ന 1000 ശാസ്ത്ര ക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് പൂക്കോട് വെറ്ററിനറി സർവകലാശാല പെരിയാർ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തും. വർത്തമാനകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യരുടെ ആരോഗ്യം മാത്രമല്ല, മൃഗങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യവും, ആവാസവ്യവസ്ഥകളും, പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടുള്ള ഏകലോകം ഏകാരോഗ്യം എന്ന ആശയം ലോകമാകെ അംഗീകരിച്ചിരിക്കുകയാണ്.
ഈ വിഷയങ്ങൾ ജനങ്ങളുമായി സംവദിക്കുന്നതിന് 70 റിസോർസ്‌ പേഴ്സൺമാർക്ക് പരിശീലനം നൽകി കഴിഞ്ഞു. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 മുതൽ ലോകാരോഗ്യ ദിനമായ ഏപ്രിൽ 7 വരെ ജില്ലയിൽ 1000 ക്ലാസുകൾ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.
1000 ശാസ്ത്രക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം വെറ്റിനറി സർവകലാശാല വൈസ്ചാൻസലർ ഡോ.എം.ആർ ശശീന്ദ്രനാഥ് നിർവഹിക്കും. ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ അദ്ധ്യക്ഷത വഹിക്കും. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. കെ.കെ.ബേബി, സൗത്ത് വയനാട് ഡി.എഫ്.എ.ഷജ്ന, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ എ. സാജിത, പരിഷത്ത്‌ കേന്ദ്രനിർവാഹക സമിതി അംഗം പ്രൊഫ. കെ. ബാലഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതാണ്.
തുടർന്ന് ഏകലോകം ഏകാരോഗ്യം എന്നവിഷയത്തിൽ പരിഷത്ത് പരിസര വിഷയസമിതി സംസ്ഥാന കൺവീനർ ഡോ.ടി.ആർ. സുമ ക്ലാസ്സെടുക്കുന്നതാണ്.
ഉദ്ഘാടന ചടങ്ങിലും തുടർന്ന് നടത്തുന്ന ക്ലാസ്സുകളിലും എല്ലാവരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാവണമെന്ന് സംഘടകസമിതി കൺവീനർ പി. സുരേഷ്ബാബു, അക്കാദമി കൺവീനർ ഡോ.ആർ.എൽ രതീഷ്, പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.ആർ മധുസൂദനൻ, ജില്ലാ സെക്രട്ടറി എം. എം.ടോമി എന്നിവർ അഭ്യർത്ഥിച്ചു.