
മാനന്തവാടി: വയനാടിന്റെ സ്വന്തം ഉത്സവമായ വള്ളിയൂർക്കാവ് മഹോത്സവത്തിന്റെ മുഖ്യ ആകർഷണമായ ഉത്സവ ചന്ത ഈ വർഷം മുതൽ സ്ഥിരം കെട്ടിടത്തിലായിരിക്കും നടക്കുക. ഇതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 4 കോടി 87 ലക്ഷം രൂപ മുതൽ മുടക്ക് വരുന്ന നിർമാണ പ്രവർത്തികളാണ് വള്ളിയൂർക്കാവിൽ നടപ്പിലാക്കുന്നത്. ചന്തകൾക്കുള്ള 4 ബ്ലോക്കുകൾ, ഉത്പ്പന്നങ്ങളുടെ പ്രദർശനത്തിനുള്ള കെട്ടിടം, ഇൻഫർമേഷൻ സെന്റർ, ടോയ്ലറ്റ് ബ്ലോക്ക്, പാർക്കിങ് ഏരിയ എന്നീ പ്രവൃത്തികളുടെ നിർമ്മാണമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മുൻ കാലങ്ങളിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇവിടെ ചന്തകൾ പ്രവർത്തിച്ചിരുന്നു. ഗോത്രവിഭാഗക്കാരുടെയും കർഷകരുടെയും ഉത്പ്പന്നങ്ങൾ ഇവിടെ വിൽപ്പനക്ക് എത്തിച്ചിരുന്നു. കാലക്രമേണ ചന്തകൾ ഉത്സവത്തോട് അനുബന്ധിച്ചു മാത്രമായി.
വള്ളിയൂർ കാവിൽ ,പരമ്പരാഗത ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയും ലക്ഷ്യമാക്കികൊണ്ടു 4 കോടി87 ലക്ഷം അടങ്കൽ തുകയിൽ കെ.ഇ.ൽ (കേരള ലക്ട്രിക്കൽ ആൻഡ് അല്ലിയേഡ് എൻജിനീയറിങ് കമ്പനി ) മേൽനോട്ടത്തിൽ എറണാകുളത്തുള്ള എ.കെ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ എടുത്തിട്ടുള്ളത് .
മാനന്തവാടി കൊയിലേരി പാതക്ക് അഭിമുഖമായി അതേ നിരപ്പിൽ വാഹന പാർക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 15000 ചതുരശ്ര അടി നിലം ഇന്റർലോക്ക് പാകി വൃത്തിയാക്കുന്നതും. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉത്സവ സമയങ്ങളിൽ ചന്തകൾ നടക്കുന്ന താഴെ കാവിനോട് ചേർന്ന സ്ഥലത്താണ് സ്ഥിരം സംവിധാനത്തോടെയുള്ള കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഗോത്ര വർഗ്ഗക്കാരുടെ വിവിധ ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമുള്ള സ്ഥിരം സൗകര്യം ഒരുക്കുന്നതിനും വള്ളിയൂർക്കാവ് ക്ഷേത്രത്തിന്റെ പൈതൃകം തിരികെ കൊണ്ടുവരുന്നതിനും ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നുണ്ട്.
 ധ്രുതഗതിയിൽ പ്രവർത്തികൾ പുരോഗമിക്കുന്ന കെട്ടിടം മാർച്ച് 10 നകം ദേവസ്വം ബോർഡിന് കൈമാറും പ്രഭാത്, ടൂറിസം വകുപ് ഡെപ്യുട്ടി ഡയറക്ടർ
 പദ്ധതി
ചിലവ് - 4.87 ലക്ഷം
ചന്തകൾക്കുള്ള 4 ബ്ലോക്കുകൾ
ഉത്പ്പന്നങ്ങളുടെ പ്രദർശനത്തിനുള്ള കെട്ടിടം
ഇൻഫർമേഷൻ സെന്റർ
ടോയ്ലറ്റ് ബ്ലോക്ക്
പാർക്കിംഗ് ഏരിയ
ഇന്റർലോക്ക്
 തലശ്ശേരി പൈതൃക ടൂറിസം പദ്ധതി
വടക്കൻ കേരളത്തിന്റെ തനതു ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിനും സഞ്ചാരികൾക്ക് ഇവിടെ മണ്മറഞ്ഞിരിക്കുന്ന പൗരാണികതയുടെയും സംസ്‌ക്കാരത്തിന്റെയും മഹത്വം അനുഭവഭേദ്യമാക്കുന്നതിനുമായി ആവിഷ്‌ക്കരിച്ച ബ്രഹത് പദ്ധതി ആണ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതി. വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ആയി ചിതറിക്കിടക്കുന്ന പൗരാണിക പ്രാധാന്യമുള്ള 61 കേന്ദ്രങ്ങളെ ഒരേ കുടക്കീഴിൽ കൊണ്ടുവന്നു ഒരു പൈതൃക ടൂറിസം ഇടനാഴി ഇതിലൂടെ സംജാതമാക്കുന്നു.