കൽപ്പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തിൽ മാർച്ച് 3 ന് വിമൻസ് റിപ്പബ്ലിക്ക് നടത്തും. 2021 ഡിസംബർ 18 മുതൽ 2022 മാർച്ച് 8 വരെ സംസ്ഥാന സർക്കാർ സംസ്ഥാനത്ത് നടത്തുന്ന 'സ്ത്രീപക്ഷ നവകേരളം' എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി. ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ ജില്ലയിൽ നടന്നു.
മാർച്ച് മൂന്നിന് സ്ത്രീകൾ വാർഡിൽ വ്യത്യസ്ത കേന്ദ്രങ്ങളിൽ ഒരുമിച്ച് കൂടുകയും കലാപരിപാടികളും സാംസ്‌കാരിക പരിപാടികളും നടത്തുകയും ചെയ്യും. അന്ന് കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ കുടുംബത്തിലെ മറ്റ് അംഗങ്ങൾ പങ്കിടണമെന്നതാണ് വിമൺസ് റിപ്പബ്ലിക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. കുടുംബത്തിലെ ജനാധിപത്യവും കുടുംബത്തിലെ ഉത്തരവാദിത്തവും, കുടുംബ ഉത്തരവാദിത്തം കുടുംബാംഗങ്ങളുടെ മുഴുവനുമാണ് എന്നതാണ് കുടുംബശ്രീ മുന്നോട്ട് വെക്കുന്ന ആശയം.
27 ഞായറാഴ്ച 9900 അയൽകൂട്ടങ്ങളിൽ വിമൺസ് റിപ്പബ്ലിക്ക് വിഷയത്തിൽ പ്രത്യേക യോഗം ചേർന്നിരുന്നു. നാളെ പരിപാടിയുടെ പ്രചരണാർത്ഥം റോഡ് ഷോ, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ പ്രദർശനം, അതിജീവന സംഗമം തുടങ്ങിയവ ജില്ലയിൽ നടക്കും.