ആലപ്പുഴ: അമൃത് പദ്ധതി പ്രകാരം ജില്ലാ ടൗൺ പ്ലാനിംഗ് വകുപ്പ് തയ്യാറാക്കിയ ആലപ്പുഴ നഗരത്തിന്റെ ജി.ഐ.എസ് അധിഷ്ഠിത കരട് പ്ലാനിന് കൗൺസിൽ അംഗീകാരം നൽകി. സാനിറ്റേഷൻ വർക്കർ തസ്തികയിലെ 83 ഒഴിവുകൾ നികത്തുന്നതിലേയ്ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അയച്ച 729 ഉദ്യോഗാർത്ഥികളുടെ അഭിമുഖം നടത്തും. നഗരസഭയുടെ വാർഷിക വരവിനങ്ങളുടെ ലേല വ്യവസ്ഥകളും നിരക്കുകളും കൗൺസിൽ അംഗീകരിച്ചു. നഗരസഭയുടെ 20.24 ആർ എസ് ഭൂമി മുമ്പ് ചരക്ക് സേവന നികുതി വകുപ്പിന് കൈമാറി നൽകിയത് ആധുനിക ഫിഷ് മാർക്കറ്റ് നിർമ്മിക്കുന്നതിലേയ്ക്ക് നഗരസഭ തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം നഗരസഭ ജല അതോറിട്ടി​ക്ക് കൈമാറിയ 50 സെന്റ് സ്ഥലം ചരക്ക് സേവന നികുതി വകുപ്പിന് നൽകും. ഇതിനുള്ള നടപടികൾ വേഗത്തിലാക്കും.

പൊതുവിഭാഗം പ്ലാൻ ഫണ്ടിൽ നിന്നും 5 കോടിയോളം രൂപ കുറവ് വന്നിട്ടുള്ളതിനാൽ പദ്ധതികൾ ദേദഗതി ചെയ്യാൻ ജില്ലാ പ്ലാനിംഗ് ഓഫീസർക്ക് കത്ത് നൽകിയ വിവരം നഗരസഭാദ്ധ്യക്ഷ കൗൺസിൽ യോഗത്തെ അറിയിച്ചു. ആറാട്ടു വഴി സർക്കാർ വെളിയിലെ പട്ടയം ലഭിച്ച 17 കുടുംബങ്ങൾക്ക് ജമ മാറ്റം ചെയ്തു നൽകാനുള്ള അപേക്ഷകൾ അംഗീകരിച്ചു. തെരുവോര കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നഗരചത്വരത്തിൽ വെൻഡിംഗ് മാർക്കറ്റ് നിർമ്മിക്കുന്നതിന്റെ ഡി.പി.ആർ തയ്യാറാക്കാനുള്ള ക്വട്ടേഷൻ അംഗീകരിച്ചു. യോഗത്തി​ൽ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു.

തീരുമാനങ്ങൾ

നഗരചത്വരം മോടിപിടിപ്പിക്കൽ, പാർക്ക് നിർമ്മാണം എന്നിവ നടപ്പാക്കും

പുൽത്തകിടിയും ടൈലിംഗും മി​കച്ച രീതി​യി​ൽ ചെയ്യും

പ്രധാന കവാടത്തിൽ കമാനവും സ്റ്റീൽ ഗേറ്റും നിർമ്മിക്കും

നിർമ്മല ഭവനം പദ്ധതി പ്രകാരം നഗരത്തിലെ മുഴുവൻ ഭവനങ്ങൾക്കും മാലിന്യ സംസ്‌കരണത്തി​ന് ബിന്നുകൾ

വിവിധയിടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കും

എൽ.ഇ.ഡി ലൈറ്റുകൾക്ക് അക്രെഡി​റ്റഡ് ഏജൻസി​കൾ വഴി​ ടെൻഡർ

എയ്‌റോബിക് യൂണിറ്റ് പദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും