
അമ്പലപ്പുഴ: കുരുന്നുകൾക്ക് അക്ഷര മധുരം നുകരാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി റിട്ട. അദ്ധ്യാപിക. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കാക്കാഴം ഈരയിൽ ജാനകിയമ്മ (98)യാണ് മൂന്ന് സെന്റ് സ്ഥലം വിട്ടുനൽകി മാതൃകയായത്. 18 ഓളം കുട്ടികൾ പഠിക്കുന്ന 61-ാം നമ്പർ അംങ്കണവാടി മൂന്ന് പതിറ്റാണ്ടായി വിവിധയിടങ്ങളിൽ വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്.നിലവിൽ കാക്കാഴം റെയിൽവെ ക്രോസിന് സമീപത്തെ താത്കാലിക ഷെഡിലാണ് പ്രവർത്തനം. അമ്പലപ്പുഴ ഗവ. മോഡൽ സ്കൂളിലെ ആദ്യ പ്രഥമാദ്ധ്യാപിക കൂടിയായ ജാനകിയമ്മ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൽ നിന്നാണ് മൂന്ന് സെന്റ് സ്ഥലമാണ് അങ്കണവാടിക്കായി വിട്ടു നൽകിയത്. എച്ച് .സലാം എം .എൽ. എ സ്ഥലത്തിന്റെ രേഖകൾ ജാനകിയമ്മയിൽ നിന്ന് ഏറ്റുവാങ്ങി പഞ്ചായത്ത് അധികൃതർക്ക് കൈമാറി. ഇവിടെ സ്മാർട്ട് കെട്ടിടം നിർമിക്കാൻ എം .എൽ .എ ഫണ്ടിൽ നിന്ന് തുകയനുവദിക്കുമെന്ന് എച്ച് .സലാം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്കെ. കവിത, ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജാ രതീഷ്, വി .അനിത, സതി രമേശ്, പഞ്ചായത്തംഗം കെ. സിയാദ്, പഞ്ചായത്ത് സെക്രട്ടറി ജി. രാജ് കുമാർ, സി.പി. എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. രമണൻ, കെ. സുഗുണൻ, അജയകൃഷ്ണൻ, ജുമൈലത്ത് എന്നിവർ പങ്കെടുത്തു.