
ആലപ്പുഴ: വൈദ്യുതി കേബിൾ, ബി.എസ്.എൻ.എൽ, വാട്ടർ അതോറിട്ടി തുടങ്ങിയ വിഭാഗങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി റോഡ് പൊളിക്കൽ തുടർക്കഥയായതോടെ നഗരഹൃദയത്തിലെ നടപ്പാതകൾ തകർന്ന നിലയിൽ. മുല്ലയ്ക്ക്ൽ, ജില്ലാ കോടതി പ്രദേശങ്ങളിലെ നടവഴികൾ തകർന്നതോടെ ജനം റോഡിലേക്കിറങ്ങിയാണ് നടപ്പ്. ഇടതടവില്ലാതെ കെ.എസ്.ആർ.ടി.സിയും, സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളും വന്നുകൊണ്ടിരിക്കുന്ന വഴികളിൽ ഏറെ പണിപ്പെട്ടാണ് സ്ത്രീകളും കുട്ടികളുമടക്കം കാൽനടയായി യാത്ര ചെയ്യുന്നത്. മൃഗാശുപത്രിക്ക് മുൻവശത്തെ റോഡിൽ പൈപ്പ് പൊട്ടി റോഡ് തകർന്നതോടെ ഗർത്തം രൂപപ്പെട്ടു. ഇവിടെ കോൺക്രീറ്റ് കാനയോട് കൂടിയ നടപ്പാത തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. നടപ്പായുടെ കൈവരി ഒടിഞ്ഞ് വീഴുക കൂടി ചെയ്തതോടെ, ആർക്കും ഈ വഴി ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ് .സമാന സ്ഥിതിയാണ് മഞ്ജുള ബേക്കറി മുതൽ ആലുക്കാസ് വരെയുള്ള റോഡിന്റെ ഇരുവശവും. പൊളിച്ച ഭാഗത്തെ പുതമണ്ണ് ഇളകിക്കിടക്കുന്നതിനാൽ പൊടിശല്യവും രൂക്ഷമാണ്. ഈ നടപ്പാതയോട് ചേർന്നാണ് ബസുകളടക്കം പോകുന്നത്.
ജില്ലാ കോടതിക്ക് സമീപത്തെ നടപ്പാത ടൈലിട്ട് വൃത്തിയാക്കിയതാണെങ്കിലും ട്രാൻസ്ഫോർമറും പൊട്ടിക്കിടക്കുന്ന കേബിളുകളുമാണ് യാത്രയ്ക്ക് തടസം. നടവഴിക്ക് കുറുകെയാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. കേബിളുകൾ കൊണ്ട് കുരുങ്ങി കിടക്കുന്ന വഴിയിൽകൂടി നടക്കുക അസാദ്ധ്യമായതിനാൽ ഇവിടെയും റോഡിലിറങ്ങിയാണ് കാൽനടക്കാരുടെ സഞ്ചാരം.പലപ്പോഴും ഗതാഗതകുരുക്കിൽ അകപ്പെട്ട് കാൽനടക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.
.......
'' റോഡ് പൊളിഞ്ഞുകിടക്കുന്നത് കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട്. ആളുകൾക്ക് നടക്കാനോ, നിൽക്കാനോ വഴിയിൽ സൗകര്യമില്ല. അൽപ്പമൊന്നു ചാഞ്ഞാൽ വാഹനമിടിച്ചിടിച്ചിടും. അടിയന്തരമായി നടപ്പാതകൾ ശരിയാക്കിയില്ലെങ്കിൽ അപകടങ്ങൾ സംഭവിക്കും.
ഹരി, പഴക്കച്ചവടക്കാരൻ