canal

ചാരുംമൂട്: നൂറനാട് കെ.ഐ.പി ഉപകനാൽ കവിഞ്ഞൊഴുകുന്നത് പതിവാകുന്നു. വെള്ളം കരകവിഞ്ഞ് തൊട്ടടുത്ത പലചരക്കു കടയിൽ വെള്ളം കയറി അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. സമീപപ്രദേശങ്ങിലെ വീടുകളിലും വെള്ളം കയറുന്നത് മൂലം ജനജീവിതം ദുരിതമാകുകയാണ്. കെ.ഐ.പി കനാലിന്റെ നൂറനാട് ജംഗ്ഷനോട് ചേർന്നുള്ള ഷർട്ടർ ഭാഗത്തു നിന്നും പള്ളിക്കൽ - ആനയടി ഭാഗങ്ങളിലേക്ക് കടന്നു പോകുന്ന ഉപ കനാലാണ് ഇന്നലെ പുലർച്ചെ 3 ഓടെ കവിഞ്ഞൊഴുകിയത്. മുതുകാട്ടുകര മണിമംഗലത്ത് സജീവന്റെ പലചരക്കുകടയായ മഞ്ഞിപ്പുഴ സ്റ്റോഴ്സിലേക്കാണ് വെള്ളം കയറിയത്. പരിസരവാസികളും വിവരം അറിഞ്ഞെത്തിയ കടയിലെ ജീവനക്കാരും ചേർന്നാണ് ഭക്ഷ്യവസ്തുക്കളടക്കമുള്ള കുറെ അധികം സാധനങ്ങൾ പുറത്തേക്ക് മാറ്റിയത്. സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, അംഗം വേണു കാവേരി എന്നിവരും സഹായ പ്രവർത്തനങ്ങൾ നടത്തി.തിങ്കളാഴ്ച രാത്രി മെയിൻ കനാലിന്റെ കിഴക്കൻ മേഖലകളിലെ ചില ഉപകനാലുകൾ അറിയിപ്പ് നൽകാതെ അടച്ചതാണ് വെള്ളം കൂടാൻ കാരണമെന്ന് അധികൃതർ പറയുന്നു.എന്നാൽ നാലുവർഷത്തോളമായി പ്രശ്നപരിഹാരത്തിനായി പഞ്ചായത്തടക്കം ആവശ്യപ്പെട്ട് കാത്തിരുന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ജനപ്രതിനിധികളും നാട്ടുകാരും പറയുന്നത്.