
മാവേലിക്കര: ചെട്ടികുളങ്ങര കുഭംഭരണി മഹോത്സവത്തിന് തുടക്കംകുറിച്ച് കെട്ടുകാഴ്ച നിർമ്മാണത്തിനും അമ്മയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടത്തിനും തുടക്കമായി. കെട്ടുകാഴ്ചകളുടെ നിർമ്മാണത്തിന് ശിവരാത്രി നാളിൽ രാവിലെ തന്നെ ആരംഭിച്ചു. രാവിലെ കരനാഥൻമാർ ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങി കാണിക്ക സമർപ്പിച്ച് പുണ്യാഹം വാങ്ങിയശേഷം തിരികെ കരകളിൽ എത്തി കെട്ടൊരുക്ക് ഉരുപ്പടികൾ പുറത്തെടുത്ത് തീർത്ഥം തളിച്ച് നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.
ദേവിയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടങ്ങൾക്കും തുടക്കം കുറിച്ചു. രാവിലെ ക്ഷേത്രദർശനം നടത്തി വഴിപാടുകാർ നേർച്ചക്കുട്ടികളെ ദത്തെടുത്തു. തുടർന്ന് വഴിപാടുകാരനും കുത്തിയോട്ട ആചാര്യനും ചേർന്ന് കുതിരച്ചുവട്ടിൽ വെറ്റിലയും പുകയിലും അടയ്ക്കയും നാണയവും ദക്ഷിണയായി സമർപ്പിച്ച് കരക്കാരെ കുത്തിയോട്ടത്തിന് ക്ഷണിച്ചു. കുത്തിയോട്ട വീടുകളിൽ സന്ധ്യക്ക് വിളക്കുവയ്പ്പ് ചടങ്ങ് നടന്നു. ഇതോടെ ഈ വർഷത്തെ കുത്തിയോട്ട ചുവടുകൾക്ക് തുടക്കം കുറിച്ചു.
സന്താനലബ്ധിക്കുമായി പാവകൾക്കു ഉടയാട
ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ചയായ കുതിരയുടെ ഇടക്കൂടാരത്തിനു താഴെ, ഭദ്രകാളി മുടിയ്ക്ക് ഇരുവശവുമാണ് കുംഭഭരണി ദിവസം തത്തിക്കളിക്കുന്ന പാവകളെ സ്ഥാപിക്കുന്നത്. കുട്ടികൾക്കുണ്ടാകുന്ന ബാലാരിഷ്ഠതകൾ, സന്താനലബ്ധിക്കുമായി പാവകൾക്കു ഉടയാടകൾ സമർപ്പിക്കുന്ന ചടങ്ങും ഇലഞ്ഞിവിലേത്ത് വീട്ടിൽ നടക്കുന്നുണ്ട്.
പാവകളെ നിർമ്മിച്ചതിന് പിന്നിലെ ഐതീഹ്യം ഇങ്ങനെ. ഇലഞ്ഞിവിലേത്ത് വീട്ടിലെ ദമ്പതികൾക്ക് സന്തതികൾ ഇല്ലാതെ വന്ന കാലത്ത് കാരണവന്മാർ ഇടപ്പള്ളി തമ്പുരാനെ സമീപിച്ചു. തമ്പുരാന്റെ നിർദ്ദേശ പ്രകാരം ചെട്ടികുളങ്ങര ദേവിയുടേതായിട്ടും ഇലഞ്ഞിവിലേത്ത് കുടുംബക്കാരുടെയും വകയായി രണ്ട് സന്തതികളുടെ രൂപം നിർമ്മിച്ച് നിങ്ങളുടെ കെട്ടുകാഴ്ചയിൽ സമർപ്പിക്കാൻ നിർദ്ദേശിച്ചു. അതിൻ പ്രകാരം ഇടവങ്കാട് ആചാരി നാല്പത്തിയൊന്ന് ദിവസം വ്രതം ഇരുന്ന ശേക്ഷം കടഞ്ഞെടുത്ത പാവക്കുട്ടികളെയാണ് ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ചയിൽ സമർപ്പിച്ചിരിക്കുന്നത്. പുതുതായി നിർമ്മിച്ച പാവക്കുട്ടികളാണ് ഇപ്പോഴുള്ളത്.