
മാന്നാർ: രണ്ടു വർഷം ചടങ്ങുകളിൽ മാത്രം ഒതുങ്ങിയിരുന്ന തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇക്കുറി ആയിരങ്ങളാണ് എത്തിയത്. ശിവരാത്രി ദിനമായ ഇന്നലെ വൈകിട്ട് 5 ന് കടപ്ര കൈനിക്കര ജയന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ആചാര അനുഷ്ഠാനങ്ങളോടുള്ള ശിവരാത്രിഎതിരേൽപിന് ഭഗവൽ തിടമ്പേറ്റിയ ഗജവീരനൊപ്പം കരകവും മേളങ്ങളും തൃക്കുരട്ടി മഹാദേവ സേവാസമിതിയുടെ നേതൃത്വത്തിലുളള രണ്ട് കെട്ട്കാഴ്ചകളും അകമ്പടി സേവിച്ചു. മാന്നാർ കുരട്ടിക്കാട് മുത്താരമ്മൻ ദേവീക്ഷേത്രത്തിൽ നിന്നുള്ള കരകം, മാന്നാർ കുരട്ടിശേരി കണ്ണങ്കാവിൽ മുത്താരമ്മൻ ദേവീക്ഷേത്രത്തിൽ നിന്നും ജീവിതയിൽ ദേവിയെ എഴുന്നള്ളിച്ച് മഹാദേവനെ സ്വീകരിക്കൽ എന്നിവ ദർശിക്കാനായി ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലും പരിസരത്തുമായി നിറഞ്ഞത്. വൈകിട്ട 6.30 ന് കർപ്പൂരാഴി, ദീപാരാധന, ദീപക്കാഴ്ച്ച, ആകാശക്കാഴ്ച എന്നിവയും നടന്നു. പുലർച്ചെയുള്ള ശ്രീഭൂതബലി, ശിവരാത്രിനൃത്തം, വലിയകാണിക്ക, ആകാശക്കാഴ്ച്ച എന്നിവയോടെ പതിനൊന്ന് ദിവസം നീണ്ടുനിന്ന മഹാശിവരാത്രി മഹോത്സവത്തിന് പരിസമാപ്തിയായി.