ambala

അമ്പലപ്പുഴ : വാഹനങ്ങൾ വെയിലും മഴയുമേൽക്കാതെ സൂക്ഷിക്കുന്നതിന് ഒരു സൗകര്യവുമില്ല. ബാറ്ററിയുൾപ്പെടെ മോഷണം പോയാൽ സഹിക്കുകയേ മാർഗമുള്ളൂ. ഇതൊക്കെയാണെങ്കിലും പാർക്കിംഗ് ഫീസ് കൃത്യമായി നൽകണം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്താണ് വാഹനങ്ങൾക്ക് ഒരു സുരക്ഷയും ഒരുക്കാതെ പാർക്കിംഗ് ഫീസ് പിരിവ് തകൃതിയായി നടക്കുന്നത്.

ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും പിരിവ് ഇപ്പോഴും തുട‌രുന്നു. പാർക്ക് ചെയ്യുന്നിടത്തു നിന്ന് ബൈക്കുകൾ മോഷണം പോകുന്നതും ബാറ്ററികൾ മോഷ്ടിച്ചതുമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വാഹന ഉടമകൾ പറയുന്നു. രണ്ടു വർഷമായി കുടുംബശ്രീക്കാണ് പാർക്കിംഗ് ഫീസ് പിരിവിന്റെ ചുമതല. ഒരു ദിവസം 6000 മുതൽ 8000 രൂപ വരെ പാർക്കിംഗ് ഫീസായി ഇവിടെ നിന്ന് ലഭിക്കുന്നുണ്ടെന്നാണ് വിവരം. ഇതിൽ പകുതി വീതം ആശുപത്രി വികസന സമിതിയും കുടുംബശ്രീയും വീതിച്ചെടുക്കും.

പണം കൊടുക്കാം , സുരക്ഷ മതി

പാർക്കിംഗ് ഫീസ് നൽകുന്നതിന് വാഹനഉടമകൾക്ക് മടിയില്ല. എന്നാൽ അടിസ്ഥാന സൗകര്യമോ സുരക്ഷയോ ഒരുക്കാതെ ഫീസ് ഈടാക്കുന്നതാണ് പ്രതിഷേധത്തിന് കാരണം. വെയിലും മഴയുമേറ്റാണ് ഇവിടെ വാഹനങ്ങൾ കിടക്കുന്നത്. മഴക്കാലമായാൽ ഈ പ്രദേശമാകെ ചെളിക്കുണ്ടായി മാറും. ഏറെ ബുദ്ധിമുട്ടിയാണ് വെള്ളക്കെട്ടിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നത്

പാർക്കിംഗ് ഫീസ്

ഇരുചക്ര വാഹനങ്ങൾക്ക് : ₹5

ഓട്ടോ, കാർ എന്നിവയ്ക്ക് : ₹10

 രണ്ടു വർേമായി പാർക്കിംഗ് ഫീസ് പരിക്കുന്നത് കുടുംബശ്രീ

 വാഹന ഉടമകളിൽ നിന്ന് ഫീസ് പരിക്കാൻ 4 ജീവനക്കാർ

 ഒരു ദിവസത്തെ കളക്ഷൻ 6000 മുതൽ 8000 രൂപ വരെ

ആശുപത്രി വളപ്പിൽ മെറ്റൽ നിരത്തി മേൽക്കൂര സ്ഥാപിച്ച് വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനം ആശുപത്രി വികസന സമിതി ഒരുക്കണം. വെയിലും മഴയുമേറ്റ് വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് പണം ഈടാക്കുന്നത് ശരിയായ നടപടിയല്ല

- നിസാർ വെള്ളാപ്പള്ളി ,പൊതു പ്രവർത്തകൻ