ആലപ്പുഴ: മൊബിലിറ്റി ഹബ് നിർമ്മാണത്തിന് മുന്നോടിയായുള്ള ആദ്യ പൈലിംഗിന്റെ ഭാരപരിശോധന വിജയകരമായി പൂർത്തിയായി. കെ.എസ്.ആർ.ടി.സി ഗാരേജിന്റെ വടക്കേയറ്റത്തെ പഴയ കെട്ടിടം പൊളിച്ച ഭാഗത്തായിരുന്നു പരിശോധന.
ഇന്നലെ പുലർച്ചെ മൂന്ന് മണിക്കാണ് പരിശോധന വിജയമാണെന്ന് അധികൃതർ സ്ഥിരീകരിച്ചത്. കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ചായിരുന്നു പരിശോധന. ശേഷിക്കുന്ന രണ്ട് ഭാഗങ്ങളിൽ കൂടി പരിശോധന പൂർത്തിയാകുന്നതിന് രണ്ടാഴ്ചയിലധികം സമയം വേണ്ടി വരും. രണ്ടാം പൈലിംഗ് പരിശോധന രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കും. ഓരോ നിർമ്മിതിയുടെയും ഘടന അനുസരിച്ചാണ് പരിശോധന. കരാറുകാർ നടത്തുന്ന പരിശോധനയുടെ ഫലം വിലയിരുത്തുന്നത് നിർമ്മാണ ചുമതലയുള്ള ഇൻകൽ ലിമിറ്റഡാണ്. വളവനാട് സി.എച്ച്.സിക്ക് സമീപം കെ.എസ്.ആർ.ടി.സിയുടെ താൽക്കാലിക ഗാരേജിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. രണ്ട് മാസത്തിനകം പണി പൂർത്തിയാക്കി ഗാരേജ് അവിടേക്ക് മാറ്റാനാണ് ആലോചന.
മൊബിലിറ്റി ഹബിന്റെ ഘടന
ഒന്നേമുക്കാൽ ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 4.07 ഏക്കറിൽ മൂന്ന് ഘട്ടങ്ങളായാണ് ഹബ് നിർമ്മാണം. ബസ് ടെർമിനൽ, കഫറ്റീരിയ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഇൻഫർമേഷൻ ഡെസ്ക് എന്നിവ താഴത്തെ നിലയിൽ പ്രവർത്തിക്കും. ഒന്നാം നിലയിൽ 37 ബസ് പാർക്കിംഗ് സൗകര്യമുണ്ടാവും. യാത്രക്കാർക്ക് താമസിക്കാൻ 40 സിംഗിൾ റൂമുകൾ, റസ്റ്റോറന്റുകൾ, സ്വിമ്മിംഗ് പൂൾ, ബാർ, ഹെൽത്ത് ക്ലബ്, മൾട്ടിപ്ലസ് തിയേറ്റർ, ഫുഡ് കോർട്ട് തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ടാവും. ബസ് വർക്ക് ഷോപ്പുകളും ഗാരേജും പ്രത്യേക ബ്ലോക്കിലാവും. സ്റ്റാഫിന് പ്രത്യേക താമസ സൗകര്യവുമുണ്ടാകും.
രണ്ട് പൈലുകളുടെ കൂടി ഭാരപരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. ഭാരം സ്ഥാപിച്ച് 24 മണിക്കൂർ നിരീക്ഷണവും, പിറ്റേ ദിവസം ലോഡ് മാറ്റിയുമാണ് പരിശോധന നടത്തുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാകും
-ജേക്കബ്, പ്രോജക്ട് മാനേജർ, ഇൻകെൽ ലിമിറ്റഡ്