
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിൽ ബയോഗ്യാസ് പ്ലാന്റ് ,ബയോ ബിൻ എന്നിവയും പട്ടികവർഗ്ഗ വിഭാഗത്തിന് വാട്ടർ ടാങ്കുകളും വിതരണം ചെയ്തു. 1.5, 1.75, 1 എം.ക്യൂബ് എന്നിങ്ങനെ വിവിധ അളവിലുള്ള ബയോഗ്യാസ് പ്ളാന്റ് ഗുണഭോക്തൃവിഹിതമായി 3500,4800, 6300 രൂപ ലഭ്യമാക്കിയ നൂറു പേർക്കാണ് നൽകിയത്. 1800 രൂപ വിലയുള്ള ബയോ ബിൻ 180 രൂപ നിരക്കിൽ 2864 കുടുംബങ്ങൾക്കും 12 പട്ടികവർഗ കുടുംബങ്ങൾക്ക് സൗജന്യമായി വാട്ടർ ടാങ്കുകളുമാണ് വിതരണം ചെയ്തത്. പുന്നപ്ര തെക്കിനെ സമ്പൂർണ ശുചിത്വ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഒരു വീട്ടിൽ ഒരു ജൈവ മാലിന്യ സംസ്കരണ ഉപാധി എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ.
ഹരിത കർമ്മ സേനാംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണവും പഞ്ചായത്തിലെ വിവിധ വിഭാഗങ്ങളുടെ കലണ്ടർ പ്രകാശനവും നടത്തി. ബയോഗ്യാസിന്റയും ബയോ ബിന്നിന്റെയും വിതരണോദ്ഘാടനം എ. എം. ആരിഫ് എം .പി യും വാട്ടർ ടാങ്ക്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ വിതരണവും കലണ്ടർ പ്രകാശനവും എച്ച് .സലാം എം. എൽ.എ യും നിർവ്വഹിച്ചു. സോണിയ രതീഷിന്റെ വീടിനു സമീപം ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി.ജി.സൈറസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി രമേശ്, ശുചിത്വ കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി .വി.വിജയകുമാരി, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ. എസ്. രാജേഷ്, സി.ഡി.എസ് ചെയർപേഴ്സൺ കല അശോകൻ, പഞ്ചായത്തംഗങ്ങൾ, എന്നിവർ പങ്കെടുത്തു.സെക്രട്ടറി എസ് .ബിജി സ്വാഗതം പറഞ്ഞു.