ആലപ്പുഴ : കടയുടെ മുകളിലൂടെ വലിച്ചിട്ടുള്ള സർവീസ് വയറുകൾ നീക്കം ചെയ്യാൻ കടയുടമ സർവീസ് ചാർജ് അടയ്ക്കണമെന്ന വൈദ്യുതി ബോർഡിന്റെ നിർബന്ധം യുക്തിക്ക് നിരക്കാത്തതാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു. സർവീസ് വയറിന്റെ യഥാർത്ഥ ഉപഭോക്താക്കളിൽ നിന്ന് ചിലവ് ഈടാക്കണമെന്ന് കമ്മീഷൻ അംഗം വി..കെ. ബീനാകുമാരി നിർദ്ദേശിച്ചു. എടത്വാ സ്വദേശി ജെറി കുര്യാക്കോസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. തന്റെ കടയുടെ മുകളിലൂടെ വലിച്ചിട്ടുള്ള സർവീസ് വയറുകൾ വൈദ്യുതി ബോർഡ് മാറ്റുന്നില്ലെന്നാണ് പരാതി. വൈദ്യുതി ബോർഡിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കടയുടെ മുകളിലൂടെ കടന്നു പോകുന്ന സർവീസ് വയറുകൾ നീക്കി നൽകാൻ പരാതിക്കാരൻ അപേക്ഷ നൽകിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. സർവീസ് വയറുകൾ പൂർണമായി മാറ്റാൻ ഒരു പോസ്റ്റ് സ്ഥാപിക്കണം. ഇതിന് 7040 രൂപ പരാതിക്കാരൻ അടയ്ക്കണം. അദ്ദേഹം തുക അടയ്ക്കാൻ തയ്യാറായില്ലെന്നും കെ.എസ്.ഇ.ബിയുടെ റിപ്പോർട്ടിലുൻണ്ട്. എന്നാൽ, സർവീസ് വയർ ആവശ്യമുള്ള ഉപഭോക്താക്കൾക്കുള്ള സ്ഥലത്ത് പോസ്റ്റിടാതെ തന്റെ വീട്ടിലേക്കുള്ള ചെറിയ വഴിയിൽ പോസ്റ്റിടാനാണ് ബോർഡ് ശ്രമിക്കുന്നതെന്ന് പരാതിക്കാരൻ അറിയിച്ചു. സർവീസ് വയറുകളുടെ യഥാർത്ഥ ഉപഭോക്താക്കളിൽ നിന്ന് ചിലവ് ഈടാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.