abu

ആറു പേർക്ക് പരിക്ക്

കോതമംഗലം/പൂച്ചാക്കൽ : വിനോദയാത്രയ്‌ക്ക് ശേഷം മൂന്നാറിൽ നിന്ന് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പിതാവും മകനും മരിച്ചു. ആലപ്പുഴ അരൂക്കുറ്റി ഏഴാം വാർഡിൽ കളപ്പുരയ്‌ക്കൽ കരുവാഞ്ചിക്കാട്ട് കെ.പി.അബു (75), മകൻ ഷെഫീഖ് (32) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന അബുവിന്റെ ഭാര്യ സീനത്ത് (62), ഷെഫീഖിന്റെ ഭാര്യ മുഫീല (28), അബുവിന്റെ മകൾ അനീഷ (36), ഇവരുടെ മകൻ മുഹമ്മദ് ഷ്വാൻ (14), സുഹൃത്തുക്കളായ സിദ്ദിഖ് (20), അഷ്‌ക്കർ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ കോതമംഗലത്തിന് സമീപം അയ്യങ്കാവിലായിരുന്നു അപകടം.

പാചക തൊഴിലാളിയായിരുന്നു അബു. ഷെഫീഖ് സ്വകാര്യ കമ്പനിയിൽ മാർക്കറ്റിംഗ് എക്‌സിക്യുട്ടീവും യൂത്ത് ലീഗ് അരൂക്കുറ്റി മേഖല വൈസ് പ്രസിഡന്റുമാണ്. നാലു മാസം മുമ്പായിരുന്നു ഷെഫീഖിന്റെ വിവാഹം. പുതിയ വീട്ടിലേക്കുള്ള പ്രവേശന ചടങ്ങ് നടത്താനിരിക്കെയാണ് ദുരന്തമുണ്ടായത്. അബുവിന്റെയും ഷെഫീഖിന്റെയും മൃതദേഹം വടുതല കോട്ടൂർ പള്ളിയിൽ സംസ്‌ക്കരിച്ചു.