
3.4 കോടിയുടെ ഓർഗാനിക് വേസ്റ്റ് കൺവർട്ടർ പ്ലാന്റ് നിർമ്മാണം പുരോഗമിക്കുന്നു
കായംകുളം: മാലിന്യ നീക്കത്തിനൊാപ്പം ശാസ്ത്രീയമായ മാലിന്യ ശേഖരണം, സംസ്കരണം, സംരക്ഷണംഎന്നിവയ്ക്കുള്ള നൂതന സംവിധാനങ്ങൾ കായംകുളം നഗരസഭയിൽ ഒരുങ്ങുകയാണ്. മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിലവിലുള്ള മാലിന്യങ്ങൾ തരംതിരിച്ച് നീക്കം ചെയ്യുന്നതിന് വേൾഡ് ബാങ്ക് കായംകുളം നഗരസഭയെ തിരഞ്ഞെടുത്ത പശ്ചാത്തലത്തിൽ 3കോടി 40 ലക്ഷം രൂപയുടെ ഓർഗാനിക് വേസ്റ്റ് കൺവർട്ടർ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ് നിർവഹണ ഏജൻസി.
ഇതോടൊപ്പം ഹരിതകർമ്മസേന വിപുലീകരിയ്ക്കും.കായംകുളം നഗരസഭയെ 3 റീജിയനുകളായി തിരിച്ച് ഹരിത കർമ്മസേനയുടെ പ്രവർത്തനം ഏകോപിപ്പിക്കും. ഓരോ ഹരിത കർമ്മ സേനാംഗങ്ങളും വീടുകളും, കടകളും കേന്ദ്രീകരിച്ച് സമയ ബന്ധിതമായി പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഒപ്പം തന്നെ ശേഖരിച്ച പ്ലാസ്റ്റിക്കുകൾ തരംതംരിച്ച് പുനരുപയോഗിക്കുന്നതിനായി കയറ്റി അയക്കുകയും ചെയ്യും. ഇതിലൂടെ നഗരത്തിലെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യവും ക്രിയാത്മകമായി പരിപാലിക്കുന്നതിനോടൊപ്പം മാലിന്യത്തെ വരുമാനമാക്കിമാറ്റുക എന്ന ലക്ഷ്യവും നടപ്പിലാക്കും.
ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പുനരുപയോഗ സാധ്യമായതും വിപണന മൂല്യമുള്ളതും കൈമാറുന്നതിന് സർക്കാർ മേൽനോട്ട ചുമതലയുള്ള ക്ലീൻ കേരള കമ്പനിയുമായി ധാരാണാപത്രം ഒപ്പുവച്ചു. 44 വാർഡുകളിൽ നിന്നുമായി 74000 കി ഗ്രാം പ്ലാസ്റ്റിക് ശേഖരിക്കുകയും പ്ലാസ്റ്റിക് വിൽപനയിലൂടെ 238016 രൂപ നഗരസഭയ്ക്ക് ലഭിക്കുകുകയും ചെയ്തു.
......................................................
കായംകുളത്തെത്തിയാൽ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. ഇറച്ചിക്കോഴി വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സുരക്ഷിതമായി നിക്ഷേപിക്കുന്നത് കായംകുളം നഗരത്തിലാണ്.
പ്രദീപ്
വ്യാപാരി.
....................................................
കായംകുളം നഗരസഭാ അതിർത്തിയിൽ നൂറോളം ഇറച്ചിക്കോഴി വിൽപന ശാലകളുണ്ട്. ഇതിൽ ഒരെണ്ണത്തിന് മാത്രമാണ് മുനിസിപ്പൽ ലൈസൻസ് ഉള്ളത്. ഇവരുടെ വേസ്റ്റുകൾ രാത്രികാലങ്ങളിൽ നഗരത്തിൽ തള്ളുകയാണ്.
ആർ.അജയകുമാർ .
പ്രദേശ വാസി
................................................................