
ഹരിപ്പാട് : കർഷകരിൽ നിന്നും നാളികേരം സംഭരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.നാളികേരത്തിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നത് ഏറെ ലാഭകരമാണ്. ഓരോ കേരഗ്രാമങ്ങളും സ്വന്തം പേരിൽ ഒരു മൂല്യവർധിത ഉത്പന്നമെങ്കിലും വിപണിയിലെത്തിക്കാൻ ശ്രമിക്കണമെന്നും മന്ത്രി നിർദേശിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ 17 വാർഡുകളിലും കേരസമിതികൾ രൂപീകരിച്ചാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. മുതിർന്ന കർഷകരെ ചടങ്ങിൽ ആദരിച്ചു. കാർഷിക പ്രദർശനം, കാർഷിക സെമിനാർ, മണ്ണ് പരിശോധന, തെങ്ങുകയറ്റ യന്ത്രവിതരണോദ്ഘാടനം തുടങ്ങിയവയും ഇതോടനുബന്ധിച്ചു നടന്നു. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ്കുമാര്‍, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി.എസ്. താഹ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. സുധിലാൽ, നാദിറ ഷാക്കിർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജില, അമ്മിണി ,സിയാർ തൃക്കുന്നപ്പുഴ, സി.വി.രാജീവ്, അർച്ചന ദിലീപ്, കെ. രാമകൃഷ്ണൻ ആർ. രമ തുടങ്ങിയവർ പങ്കെടുത്തു.