ആലപ്പുഴ: പി.എം.എ.വൈ പദ്ധതി പ്രകാരമുള്ള ആദ്യ ഗഡു തുക പോലും അനുവദിക്കാൻ സാധിക്കാത്തതിന്റെ ഉത്തരവാദിത്വം നിലവിലെ നഗരസഭാ ഭരണസമിതിക്കാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്റും മുൻ നഗരസഭാ ചെയർമാനുമായിരുന്ന തോമസ് ജോസഫ് ആരോപിച്ചു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി നടപ്പിലാക്കിയ അമൃത് പദ്ധതിയുടെ വിവിധ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യുന്ന ജോലി മാത്രമാണ് പുതിയ സമിതി ചെയ്യുന്നത്. വലിയ ചുടുകാട് സൗന്ദര്യ വത്ക്കരണം, വാട്ടർ കിയോസ്ക്കുകൾ, കടപ്പുറത്തെ ഓപ്പൺ ജിം തുടങ്ങിയവ യു.ഡി.എഫ് കാലത്തെ നേട്ടങ്ങളാണ്. 18 കോടി മുതൽമുടക്കുള്ള ശതാബ്ദി മന്ദിരം സംരക്ഷിക്കാനോ, ഓഫീസ് പ്രവർത്തനം ആരംഭിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ഒന്നരവർഷത്തെ എൽ.ഡി.എഫ് ഭരണത്തിന്റെ പിടിപ്പുകേടുകളും സ്വജനപക്ഷപാതവും തുറന്ന് കാണിക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും തോമസ് ജോസഫ് പറഞ്ഞു.