jala-sambharani
മാന്നാർ മുല്ലശ്ശേരിക്കടവിൽ ഹരിപ്പാട് കുടിവെള്ള പദ്ധതിക്കായി നിർമ്മിക്കുന്ന ജലസംഭരണി

മാന്നാർ: മാന്നാറി​ന്റെ ഗതാഗതക്കുരുക്കെന്ന പ്രശ്നത്തി​ന് പരി​ഹാരമായി​ വരുമെന്ന് പ്രതീക്ഷയോടെ കാത്തി​രുന്ന ബൈപാസ് റോഡ് ഒരു ജലസംഭരണി​യി​ൽ തട്ടി​ നി​ൽക്കുകയാണ്. ഹരിപ്പാട് കുടിവെള്ള പദ്ധതിക്കായി പമ്പാനദിയിൽ കൂറ്റൻ ജലസംഭരണി എതിർപ്പുകളെ അവഗണിച്ച് മുല്ലശ്ശേരിക്കടവിൽ നിർമ്മിച്ചതോടെ ഒരുനാടിന്റെ ബൈപാസ് സ്വപ്നം തകരുകയായി​രുന്നു.

ബൈപാസ് റോഡ് വരണമെങ്കി​ൽ മാന്നാർ മുല്ലശേരിക്കടവിൽ പാലംവന്നാൽ എല്ലാം ശരിയാകുമെന്നായിരുന്നു കരുതി​യി​രുന്നത്. തട്ടാരമ്പലം-ചെന്നിത്തല-മാന്നാർ സംസ്ഥാനപാത വിഷവർശേരിക്കര-മൂർത്തിട്ട ജംഗ്‌ഷൻവഴി മുല്ലശേരിക്കടവിൽ എത്തി പുതുതായി നിർമ്മിക്കുന്ന പാലത്തിലൂടെ പമ്പാനദി കടന്ന് കടപ്ര പഞ്ചായത്തിൽ എത്തുന്ന രീതിയിലായിരുന്നു ബൈപാസിനെക്കുറിച്ചുള്ള ചർച്ചകൾ. എന്നാൽ നിത്യേന നിരവധിയാളുകൾ ഉപയോഗിച്ചിരുന്ന ചരിത്രപ്രാധാന്യമുള്ള മുല്ലശേരിക്കടവിന്റെ ചരമഗീതംകൂടി കുറിച്ചാണ് ജലസംഭരണി ഉയരുന്നത്.

ജലക്ഷാമം രൂക്ഷമായ മാന്നാറിനും സമീപപ്രദേശങ്ങൾക്കും അല്പമെങ്കിലും ആശ്വാസം പമ്പാനദി ആയിരുന്നു . തകഴി, അമ്പലപ്പുഴ, ആലപ്പുഴ പ്രദേശങ്ങളിലേക്ക് ജപ്പാൻ കുടിവെള്ളപദ്ധതിക്കായി പമ്പാനദിയിൽനിന്നും മുല്ലശേരിക്കടവിൽ നിന്നും അല്പംമാറിത്തന്നെയാണ് വെള്ളം കൊണ്ടുപോകുന്നത്. അതിനുപുറമെ ഹരിപ്പാട് പദ്ധതിക്കും ഇതേസ്ഥലത്ത് നിന്നും വെള്ളംകൊണ്ടുപോകുവാൻ തുടങ്ങുന്നതോടെ സമീപത്തുള്ള ജലസ്രോതസുകളും ഇല്ലാതാകും. പമ്പാനദി ഇല്ലാതാകുന്ന അവസ്ഥയിലേക്കായിരിക്കും കാര്യങ്ങളുടെ ഗതി. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെയും ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെയും ജനങ്ങൾക്ക് വേണ്ടിയാണ് ഹരിപ്പാട് കുടിവെള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അതിനായി പള്ളിപ്പാട് പഞ്ചായത്തിൽ സ്ഥാപിച്ച ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണങ്ങളും പൂർത്തിയായിട്ടുണ്ട്.

മാന്നാർ പഞ്ചായത്തിലെ ജലക്ഷാമം കൂടുതൽ രൂക്ഷമാകുകയും കാർഷികമേഖലയെ ബാധിക്കുന്ന തരത്തിൽ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകുകയും ചെയ്യുമെന്നതിനാൽ ജലസംഭരണിക്ക് പഞ്ചായത്ത് നിർമ്മാണ അനുമതി നൽകിയില്ല. എന്നാൽ, പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശത്തിൽ സർക്കാർ നിർമ്മാണപ്രവർത്തനവുമായി മുന്നോട്ടു പോയി. മാന്നാർ പഞ്ചായത്തിനെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശമാണ് നൽകിയത്.


പ്രമോദ് കണ്ണാടിശേരിൽ , മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്

....................................................

മാന്നാർ പഞ്ചായത്തിനെക്കൂടി കുടിവെള്ള പദ്ധതിയുടെ പരിധിയിൽ കൊണ്ടുവന്നാൽ മാന്നാറിന്റെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും. ബൈപാസുമില്ല, കുടിവെള്ളവുമില്ല എന്ന അവസ്ഥയിലേക്കാണ് പദ്ധതിയുടെ പോക്ക്.


ഷൈന നവാസ്, മാന്നാർ ടൗൺ വാർഡ് മെമ്പർ

.....................................................

മാന്നാർ ബൈപാസ് സ്വപ്നപദ്ധതിയാണ്. മുല്ലശേരിക്കടവിൽ പാലം പണിതായിരുന്നു അത് വരേണ്ടിയിരുന്നത്. ജലസംഭരണി വന്നതോടെ ആ സാദ്ധ്യത ഇല്ലാതായി. ബദൽമാർഗം കണ്ടെത്തുന്നതിനായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയുമാണ്. ബൈപാസ് യാഥാർത്ഥ്യമാക്കാൻ രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാവരും ഒപ്പമുണ്ടാകണം.


മന്ത്രി സജി ചെറിയാൻ (കേരളകൗമുദി മാന്നാർ ബ്യൂറോ

ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്)