prathishedajwala

ചാരുംമൂട് : നൂറനാട് ,താമരക്കുളം,വള്ളികുന്നം എന്നിവിടങ്ങളിൽ ലഹരി മാഫിയകൾ തഴച്ചു വളരുന്നത് പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാകുന്നു. സ്കൂൾ,കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ലഹരി മാഫിയയുടെ പ്രവർത്തനം. കഴിഞ്ഞ ആഴ്ചകളിൽ നൂറനാട് പ്രദേശത്തുണ്ടായ അക്രമസംഭവങ്ങൾ ലഹരി സംഘങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ തുടർന്നുണ്ടായതാണ്. പരസ്യ ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ പേരിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് വെട്ടേറ്റത്. കഴിഞ്ഞവർഷം വള്ളികുന്നം പടയണിവെട്ടം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പത്താം ക്ലാസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണവും ചെന്നു നിന്നത് ലഹരി സംഘങ്ങളിലാണ്. വിദ്യാർത്ഥികളെ കാരിയർമാരായി ഉപയോഗിച്ചാണ് കഞ്ചാവ് വില്പന.

രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലും

ലഹരി വസ്തുക്കളുമായി പിടിക്കപ്പെടുമ്പോൾ കേസ് ഒഴിവാക്കാൻ പലപ്പോഴും ഉന്നത രാഷ്ട്രീയ ഇടപെടലുകളും, സമ്മർദ്ദവും ഉണ്ടാകാറുണ്ടെന്ന ആക്ഷേപം ശക്തമാണ്. ആറു മാസം മുമ്പ് താമരക്കുളം ചത്തിയറ പാലത്തിനു സമീപം രാത്രിയിൽ അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്ന് രണ്ടേകാൽ കിലോ കഞ്ചാവ് നാട്ടുകാർ കണ്ടെത്തി എക്സൈസിനെ ഏല്പിച്ചിരുന്നു.അപകടത്തിൽപ്പെട്ട വ്യക്തി തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടും പ്രതിയെ അന്ന് അറസ്റ്റ് ചെയ്യാതിരുന്നത് ബാഹ്യസമ്മർദ്ദം മൂലമാണെന്ന്ആക്ഷേപം ഉയർന്നിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ റിമാൻഡിൽ കഴിയുന്ന വള്ളികുന്നം സ്വദേശി സഞ്ജുവിനെ ഈ കേസിൽ അറസ്റ്റ് ചെയ്തത്.

എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ പ്രവർത്തനങ്ങൾ ശക്തമായി കൊണ്ടു പോകേണ്ടത് അനിവാര്യണ്. അതിനോടൊപ്പം ജനകീയമായ ഒരു ചെറുത്തുനില്പ് കൂടി ആവശ്യമാണ്. നൂറനാട് ഉണ്ടായതുപോലെയുള്ള അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യോജിച്ചുള്ള പ്രവർത്തനം വേണം

-പി അനിൽ കുമാർ,എക്സൈസ് ഇൻസ്പെക്ടർ, നൂറനാട് റേഞ്ച്

എല്ലാ യുവജനസംഘടനകളും ലഹരി മാഫിയക്കെതിരെ രംഗത്തുവരണം. വി​ദ്യാർത്ഥി​കളെ ലഹരി​ മാഫി​യ വലയി​ലാക്കുന്നതി​നെതി​രെ രക്ഷിതാക്കളും അദ്ധ്യാപകരും കൂടുതൽ ജാഗ്രത പുലർത്തണം. കലാലയങ്ങളിൽ ലഹരി വിരുദ്ധ സെമിനാറുകളും ബോധവത്കരണ ക്ലാസുകളും സംഘടി​പ്പി​ക്കണം

- ജി ശ്യാം കൃഷ്ണൻ

യുവമോർച്ച സംസ്ഥാന സമിതി അംഗം