1
വേനലിലും വെള്ളക്കെട്ട് ഒഴിയാതെ ദുരിതം പേറുന്ന കുട്ടമംഗലം

കുട്ടനാട് : കനകാശ്ശേരി, മീനപ്പള്ളി, വലിയകരി​ പാടശേഖരങ്ങളിലെ തുടർച്ചയായ മടവീഴ്ചയും വെള്ളപ്പൊക്കവും സൃഷ്ടിക്കുന്ന ദുരിതക്കയത്തിൽ നിന്ന് കരകയറാനൊരു വഴി തേടുകയാണ് കൈനകരി പഞ്ചായത്തിലെ 14, 15 വാർഡുകളുൾപ്പെടുന്ന കുട്ടമംഗലത്തുകാർ. മഴക്കാലത്തു മാത്രമല്ല ഇവരുടെ ദുരിതം. ആണ്ടിൽ 365 ദിവസവും വെള്ളത്തിൽ കഴിയാനാണ് വിധി.

വീടുകൾക്കുള്ളിൽ നിന്ന് കടുത്ത വേനലിൽപ്പോലും വെള്ളമൊഴിയാതെ വന്നതോടെ വിവാഹവും മരണാനന്തര ചടങ്ങുകളും വരെ തടസപ്പെടാൻ തുടങ്ങി. പ്രദേശവാസികളെ വട്ടംചുറ്റിക്കുന്ന ഈ ദുരിതം തുടങ്ങിയിട്ട് നാലു വർഷമായി . വീടിന് പുറത്തേക്കിറങ്ങാൻ പോലും കൊച്ചു വള്ളങ്ങൾ വേണമെന്നതാണ് അവസ്ഥ. ചെറിയൊരു മഴയോ വേലിയേറ്റമോ മൂലം ജലനിരപ്പ് അല്പമൊന്നു ഉയർന്നാൽ മൂന്ന് പാടശേഖരങ്ങളിൽ ഏതെങ്കിലുമൊന്ന് മടവീഴുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

നാലു ദുരിത വർഷങ്ങൾ

2018 മുതൽ 2022 വരെയുള്ള നാലു വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ് ഇവിടെ കൃഷി രക്ഷപ്പെടുത്തിയെടുക്കാനായതും ദുരിതത്തിന് അല്പമെങ്കിലുമൊരാശ്വാസം ലഭിച്ചതും.കായലിന് തൊട്ടടുത്ത പ്രദേശമായതിനാൽ ചെറിയൊരു വേലിയേറ്റം മതി കുത്തുന്ന മട വീണ്ടും വീഴാൻ. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് കനകാശ്ശേരിയിൽ വീണ മട ലക്ഷങ്ങൾ മടക്കി അടുത്തിടെ കുത്തിയെങ്കിലും അത് വീണ്ടും തള്ളിപ്പോയി​.

പാടശേഖരങ്ങൾക്കു ചുറ്റും പൈൽ ആൻഡ് സ്ലാബ് സംവിധാനം നടപ്പാക്കണം. തുടർച്ചയായി മടവീഴുന്ന സ്ഥലങ്ങളിൽ കല്ല് നെറ്രിലാക്കി അടുക്കുന്ന ഗാവിയോൺ രീതി സ്വീകരിക്കണം. മൂന്നു പാടശേഖരങ്ങളേയും തമ്മിൽ വേർതിരിക്കുന്ന റോഡ് ഉയരത്തിൽ നിർമ്മിക്കാൻ തയ്യാറായാൽ ഒരു പാടം മടവീണാലും മറ്റ് പാടശേഖരങ്ങൾക്ക് പിടിച്ചു നിൽക്കാനും പ്രദേശം വെള്ളത്തിൽ മുങ്ങുന്നത് ഒഴിവാക്കാനും കഴിയും .ഓരോ പ്രാവശ്യവും മടകുത്തുന്നതിന് 50 ലക്ഷം രൂപയിലേറെ ചിലവ് വരുന്നുണ്ട്

- ബി.കെ.വിനോദ്, കൈനകരി ഗ്രാമപഞ്ചായത്ത് മുൻ അംഗം