adikattukulangara-palli

ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര മുസ്ലീം ജമാഅത്തിലെ മേട്ടുംപുറം മഖാം ഉറൂസിന് കൊടിയേറി. നാലു ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് ചടങ്ങുകൾ മാർച്ച് 6 ന് സമാപിക്കും. ജാതി മത ഭേദമന്യെയാണ് മേട്ടുംപുറം ഉപ്പൂപ്പ അന്ത്യവിശ്രമം കൊള്ളുന്ന മലമുകളിലെ മഖാമിൽ വിശ്വാസികൾ എത്തിച്ചേരുന്നത്.

ഇന്നലെ രാവിലെ 7 ന് ദർഗാശെരീഫിലെ പ്രാർത്ഥനയ്ക്കുശേഷം ജമാഅത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ കൊടിയെടുത്ത് ദിഖ്ർജാഥ പുറപ്പെട്ടു. ജമാഅത്ത് അംഗങ്ങളും മദ്രസാ വിദ്യാർത്ഥികളും പങ്കെടുത്ത ദിഖ്ർജാഥ മേട്ടുംപുറം മഖാമിലെത്തിയതോടെ ചീഫ് ഇമാം ഫഹ്റുദീൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ സിയാറത്തും കൂട്ട പ്രാർത്ഥനയും നടന്നു. തുടർന്ന് ജമാഅത്ത് പ്രസിഡന്റ് ഹാഷിം ഹബീബ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഉറൂസിന്റെ ഭാഗമായി നാലു ദിവസങ്ങളിലും ഭക്തി സാന്ദ്രമായ പ്രാർത്ഥനകളും പ്രഭാഷണങ്ങളും നടക്കും.

ഉറൂസ് സമാപിക്കുന്ന ആറിന് ഏറെ പ്രധാനമായ അന്നദാനവും കൂട്ട പ്രാർത്ഥനയും നടക്കും. ജമാഅത്ത് പ്രസിഡന്റ് ഹാഷിം ഹബീബ്, സെക്രട്ടറി യൂസുഫ് റാവുത്തർ, ഖജാൻജി സാബു ഹബീബ്, വൈസ് പ്രസിഡന്റ് അനീഷ് ഉസ്മാൻ, ജോയിന്റ് സെക്രട്ടറി

എൻ .അനീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉറൂസ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.