മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി കെട്ടുകാഴ്ചകൾക്ക് സംസ്ഥാന ടൂറിസം വകുപ്പ് ഗ്രാൻ്റ് ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിനു നിവേദനം നൽകി. ഓണാട്ടുകരയുടെ ദേശീയ ഉൽസവമായ ചെട്ടികുളങ്ങര ഭരണി നാളിൽ 13 കരക്കാർ അണിയിച്ച് ഒരുക്കുന്ന കമനീയമായ കെട്ടുകാഴ്ചകളായ തേര്, കുതിര, ഭീമൻ, ഹനുമാൻ, പാഞ്ചാലി എന്നിവ ലോകത്തിലെ ഒരു ക്ഷേത്രത്തിലും കാണാത്ത മനോഹരമായ കെട്ടുകാഴ്ചകൾ ആണ്. ഇവ യുനെസ്കോയുടെ പ്രഥമ പരിഗണനയിൽ ഉൾപ്പെട്ടിട്ടുണ്ട്. ടൂറിസം വകുപ്പ് 2012ൽ കെട്ടുകാഴ്ചകൾക്ക് ഗ്രാന്റ് നൽകിയി​ട്ടുണ്ട്. ഓരോ കെട്ടുകാഴ്ചയ്ക്കും ലക്ഷക്കണക്കിന് രൂപയാണ് ചെലവാകുന്നത്. തുടർച്ചയായി ഗ്രാന്റ് ലഭിക്കുന്നതിന് സഹായിക്കണമെന്ന് ആലപ്പി സ്പിന്നിംഗ് മിൽ ചെയർമാനും ടൂറിസം പ്രമോഷൻ കൗൺസിൽ അംഗംവുമായ എ.മഹേന്ദ്രൻ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.