ambala

അമ്പലപ്പുഴ: വംശനാശം നേരിടുന്ന കടലാമകളുടെ മുട്ടശേഖരിച്ച് വിരിയിച്ച് തോട്ടപ്പള്ളി ഗ്രീൻ റൂട്സിന്റെ പ്രവർത്തകർ. റിഡ്ലി ഇനത്തിൽപ്പെട്ട 105 ഓളം കടലാമകളെയാണ് വിരിയിച്ചത്. 2013 മുതലാണ് പരിസ്ഥിതി പ്രവർത്തകൻ സജിയുടെ നേതൃത്വത്തിൽ ഓമനക്കുട്ടൻ, സുമേഷ്, ബിപിൻ സുരേന്ദ്രൻ, അഖിൽ,വിപിൻ എന്നിവർ ഇതിന് മുൻകൈയെടുത്ത് തുടങ്ങിയത്. ഇത്തവണ പല്ലന ഭാഗത്തു നിന്നാണ് മുട്ടകൾ ശേഖരിച്ചത്. ആകെ 126 മുട്ടകളാണ് ശേഖരിച്ചത്.ഇവയെ പിന്നീട് തോട്ടപ്പളളി കടൽത്തീരത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഹാച്ചറിയിൽ വച്ചാണ് വിരിയിച്ചത്.മത്സ്യങ്ങളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്ന ജെല്ലി ഫിഷിനെ നിയന്ത്രിക്കുന്നത് ഇത്തരം കടലാമകളാണ്. പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ കടലാമകളെ കടലിലേക്ക് ഒഴുക്കി.